തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾക്കായി 1.65 കോടിയുടെ ഭരണാനുമതിയും,സ്‌കൂളുകളിലെ ഐ.റ്റി.അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് 40 ലക്ഷം അനുവദിച്ചതായി മന്ത്രി ആന്റണി രാജു1 min read

 

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ ഐ.റ്റി.അധിഷ്ഠിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കോട്ടൺഹിൽ ഗവ. എൽ പി സ്‌കൂളിൽ ലാംഗ്വേജ് ലാബ് സ്ഥാപിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. കൊച്ചു കുട്ടികളുടെ ഭാഷാ പഠനത്തിന് സഹായകരമായ രീതിയിൽ ലിസണിങ്, സ്പീക്കിങ്, റീഡിങ്, റൈറ്റിങ് തുടങ്ങി ഭാഷാ നൈപുണ്യം ആർജിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ ലാംഗ്വേജ് ലാബിൽ സ്ഥാപിക്കും. ലാപ്‌ടോപ്പ്, ഹെഡ്‌സെറ്റ്, ഇന്ററാക്ടീവ് സ്‌ക്രീൻ ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഭാഷാ ലാബ് സ്ഥാപിക്കുന്നത്. ഇതിനു പുറമേ വിവിധ സ്‌കൂളുകളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. കോട്ടൺഹിൽ ജി.എച്ച്.എസ്.എസ്, ഗവ. യു.പി.എസ്. തമ്പാനൂർ, ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, സെന്റ് ആൻസ്എൽ.പി.എസ്, പേട്ട എന്നിവിടങ്ങളിൽ കമ്പ്യൂട്ടറുകൾ വാങ്ങുവാനും, ബീമാപള്ളി ഗവ. യു.പി.എസിൽ ലാപ് ടോപ്പുകൾ വാങ്ങുന്നതിനുമാണ് തുക അനുവദിച്ചത്. ഇവയ്‌ക്കെല്ലാം ഭരണാനുമതി ലഭിച്ചതായും കെൽട്രോൺ മുഖാന്തരമാണ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ ലഭ്യമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

*തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾ*
*1.65 കോടിയുടെ ഭരണാനുമതി*

തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്ക് ബസുകൾ വാങ്ങുന്നതിന് ഒരു കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഗവ.യു.പി.എസ്.പാൽക്കുളങ്ങര, ഗവ. ടി.ടി.ഐ. മണക്കാട്, വി.എച്ച്.എസ്.എസ്. മണക്കാട്, സെന്റ് തോമസ് എച്ച്.എസ്.എസ്.പൂന്തുറ, ഗവ.എൽ.പി.എസ്. വള്ളക്കടവ്, സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂൾ കൊച്ചുവേളി, സെന്റ് മേരീസ് എച്ച്.എസ്.എസ്, വെട്ടുകാട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വാഹനം വാങ്ങുന്നത്. ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, ഗവ.യു.പി.എസ്. ബീമാപള്ളി, സെന്റ് പീറ്റേഴ്‌സ് എൽ.പി.എസ്. ശംഖുമുഖം, ഗവ.എൽ.പി.എസ്. കോട്ടൺഹിൽ എന്നീ സ്‌കൂളുകൾക്ക് കഴിഞ്ഞവർഷം 67 ലക്ഷം രൂപ ചെലവാക്കി സ്‌കൂൾ ബസ് വാങ്ങി നൽകിയിരുന്നു. തീരദേശ മേഖലയിലേത് ഉൾപ്പെടെയുള്ള സ്‌കുളുകൾക്ക് ബസ് അനുവദിച്ചതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *