വിറകുപുരക്കോട്ട സ്‌കൂളിൽ വർണ്ണക്കൂടാരം വരുന്നു,പ്രീ പ്രൈമറി വിഭാഗത്തിന്റെ വികസനത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആന്റണി രാജു1 min read

തിരുവനന്തപുരം :തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വിറകുപുരക്കോട്ട ഗവ.യുപി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ വികസനത്തിന് സമഗ്ര ശിക്ഷാ കേരളം 10 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌കൂളിലെ പ്രീ സ്‌കൂൾ വിഭാഗത്തിൽ ‘വർണ്ണകൂടാരം’ ഒരുക്കുവാനാണ് തുക അനുവദിച്ചത്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും മനസിലാക്കുന്നതിന് സഹായകരമാകുന്ന സംവിധാനങ്ങൾ വർണ്ണ കൂടാരത്തിൽ തയാറാക്കും.

നിർമാണയിടം, കളിയിടം, വർണ്ണയിടം, ഭാഷായിടം, വരയിടം, ഗണിതയിടം, ഹരിതയിടം, കരകൗശലയിടം തുടങ്ങി പരിശീലനങ്ങൾക്ക് വിവിധ ഇടങ്ങൾ ഒരുക്കും. സാമ്പ്രദായിക രീതിയിലുള്ള ക്ലാസ് റൂം വിദ്യാഭ്യാസത്തിൽ നിന്ന് വിഭിന്നമായി കുട്ടികളുടെ സർഗാത്മകതയും നൈസർഗിക വാസനകളും വികസിപ്പിക്കുന്ന തരത്തിലുള്ള പരിശീലനമാണ് പ്രീ പ്രൈമറി ക്ലാസുകളിൽ വിഭാവനം ചെയ്തിരിക്കുന്നത്.

പരിസ്ഥിതിയോട് ഇണങ്ങി ചേർന്ന ജീവിതത്തിനുള്ള പരിശീലനം സ്‌കൂളിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *