തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ഹാജരും പരീക്ഷയിലെ മാർക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ. ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങൾ തത്സമയമറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ് തയ്യാറായി. സ്കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പിലാണ് ഈ സൗകര്യം
സംസ്ഥാനത്തെ 12,943 സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് സ്കൂളുകളിലെ 36.44 ലക്ഷം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ക്രിസ്മസ് പരീക്ഷമുതൽ സംവിധാനം സജ്ജമായി. ക്രിസ്മസ് പരീക്ഷയുടെ മാർക്ക് എണ്ണായിരത്തോളം സ്കൂളുകൾ സമ്പൂർണയിൽ ലഭ്യമാക്കി.
*ഇങ്ങനെ ഉപയോഗിക്കാം*
പ്ലേ സ്റ്റോറിൽ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്യാം
ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ നൽകിയ ഫോൺനന്പർ നൽകണം. മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാം.
ഈ നന്പറിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്യുമ്പോൾ ആ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകൾമാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലിൽ സ്കൂളിൽനിന്ന് അയക്കുന്ന മെസേജുകൾ, ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം.
*ആപ്പിൽ കിട്ടും ഈ വിവരങ്ങൾ*
• ഹാജരും പഠനവിവരങ്ങളും
• സ്കൂൾ ബസിന്റെ സമയം
• ക്ലാസ് ടീച്ചർക്കും രക്ഷിതാവിനും കുട്ടിയെക്കുറിച്ച് സന്ദേശംവഴി ആശയവിനിമയം നടത്താം
• പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ
• കുട്ടികളുടെ പഠനപുരോഗതി
• പ്രോഗ്രസ് റിപ്പോർട്ട്