സന്ദീപ് വാര്യരുടെ കോൺഗ്രസ്‌ പ്രവേശനം;ദേശീയ തലത്തിൽ കോൺഗ്രസ്‌ ചർച്ചയാക്കും1 min read

കണ്ണൂർ :സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചരട് വലിച്ച് എഐസിസിയും. നേതൃത്വത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പാലക്കാട്ടെ കരുനീക്കങ്ങള്‍. ബിജെപിയുടെ ശക്തനായ വക്താവിനെ പാളയത്തിലെത്തിച്ചത് ദേശീയ തലത്തിലും കോണ്‍ഗ്രസ് ചര്‍ച്ചയാക്കും.

സന്ദീപ് വാര്യരുമായി നടന്ന ചര്‍ച്ചകളില്‍ തുടക്കം മുതല്‍ എഐസിസി നേതൃത്വം നേരിട്ട് തന്നെ ഇടപെട്ടു. ഓരോ ഘട്ടത്തിലെയും നീക്കങ്ങള്‍ കൃത്യമായി വിലയിരുത്തിയാണ് മുന്‍പോട്ട് പോയത്. സംസ്ഥാനത്തെ നേതാക്കള്‍ക്ക് പുറമെ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയേയും മറ്റൊരു നേതാവിനെയും സന്ദീപുമായി നേരിട്ട് സംസാരിക്കാന്‍ ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളില്‍ എഐസിസി നേതൃത്വം തന്നെ നേരിട്ട് ഉറപ്പ് നല്‍കിയതായാണ് വിവരം.

ഒരു വിഭാഗം നേതാക്കള്‍ നടത്തിയ നീക്കത്തില്‍ നിന്ന് പാലക്കാട്ടെ നേതാക്കളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയിരുന്നു. അന്തിമഘട്ടത്തില്‍ മാത്രം ഡിസിസി അധ്യക്ഷനോട് പോലും വിവരം നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് ബദലായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ മുഖങ്ങളെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നിര്‍ദ്ദേശത്തിന് കേരളത്തിലെ ഈ നീക്കം ബലം പകരുന്നതാണ്.

സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് പദ്മജ വേണുഗോപാലിനെ അടര്‍ത്തിയെടുത്ത ബിജെപിക്ക് മറുപടി നല്‍കിയെന്നും ആശ്വസിക്കാം. ഹരിയാനെ തെരഞ്ഞെടുപ്പ് വേളയില്‍ ഫലം എതിരായിരുന്നെങ്കിലും ബിജെപി പാളയത്തില്‍ നിന്ന് പ്രധാനികളായ പല നേതാക്കളെയും മറുകണ്ടം ചാടിക്കാന്‍ കഴിഞ്ഞിരുന്നു. മഹാരാഷ്ട്രയിലും സമാന നീക്കം കണ്ടു. ബിജെപി ദേശീയ നേതാക്കളുമായും, ആര്‍എസ്എസ് നേതാക്കളുമായും ഏറെ അടുപ്പം ഉണ്ടായിരുന്ന സന്ദീപ് വാര്യരെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് ദേശീയ തലത്തിലും കോണ്‍ഗ്രസ് നേട്ടമായി ഉയര്‍ത്തിക്കാട്ടും.

Leave a Reply

Your email address will not be published. Required fields are marked *