തിരുവനന്തപുരം :കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023 ലെ സത്യൻ അവാർഡിന് നടൻ മനോജ് കെ.ജയൻ അർഹനായി. മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. കലാപരവും വാണിജ്യപരവുമായ സിനിമകളിൽ ഒരുപോലെ ശോഭിച്ച മനോജ് കെ ജയൻ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലധികം ചിത്രങ്ങളിൽ നായകനായും സ്വഭാവനടനായും പ്രതിനായകനായും മികവാർന്ന അഭിനയം കാഴ്ചവച്ചുവെന്ന് ജൂറി വിലയിരുത്തി.
സിനിമ സംവിധായകൻ ബാലു കിരിയത്ത് ചെയർമാനും സംവിധായകരായ അമ്പിളി, നേമം പുഷ്പരാജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. സത്യന്റെ 111-ാം ജന്മവാർഷികമായ നവംബർ 9 ന് വൈകുന്നേരം 4 ന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസനും ജനറൽ സെക്രട്ടറി പി.വിജയനും അറിയിച്ചു.