28/7/23
തിരുവനന്തപുരം :സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമനപട്ടികയിൽ ഇടപെടൽ നടത്തിയിട്ടില്ല എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ജനകമാണ്.വിവരാവകാശ രേഖ പരിശോധിച്ചാൽ മന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്.
യുജിസി ചട്ട പ്രകാരം സർക്കാർ നിയോഗിച്ച കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായി വിദഗ്ധ അംഗങ്ങളെ ഉൾക്കൊള്ളിച്ചു് രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി 67 പേരുടെ പേരുകൾ ആദ്യം തയ്യാറാക്കിയെങ്കിലും വിദഗ്ധസമിതി അംഗങ്ങളുമായി കൂടിയാലോചിച്ചതിന്റെ അടിസ്ഥാനത്തിൽ യുജിസിയുടെ അംഗീകാരം ഇല്ലാത്ത ജേർണലുകളിലുള്ള പ്രസിദ്ധീകരണങ്ങൾ ഒഴിവാക്കേണ്ടി വന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത ഉള്ളവരെ മാത്രം ഉൾപ്പെടുത്തി പട്ടിക 43 ആയി ചുരുക്കിയത്.
ഇടത് സംഘടനകളുടെ ചില ജേർനലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ പോലും ഗവേഷണ ലേഖനങ്ങളായി പരിഗണിക്കാൻ സമർപ്പിച്ചിരുന്നതായി അറിയുന്നു.
2019 ൽ യുജിസിയുടെ കെയർ ലിസ്റ്റ് വരുന്നതിനു മുമ്പ് തന്നെ അംഗീകൃത പ്രസിദ്ധീ കരണങ്ങൾ സംബന്ധിച്ച് യുജിസിയുടെ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഉള്ളപ്പോൾ അതനുസരിച്ചാണ് പട്ടികയിൽ 43 പേരെ ഉൾപ്പെടുത്തിയത്.
വിദഗ്ധസമിതി തള്ളിക്കളഞ്ഞ 24 പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി ചട്ടവിരുദ്ധമായി പുതിയൊരു പരാതി പരിഹാര സമിതിരൂപീകരിച്ചത്.
പിഎസ്സി അംഗീകരിച്ച 43 പേരുടെ പട്ടിക സ്വീകരിക്കുന്നതിന് പകരം പരാതി പരിഹാരം സമിതിരൂപീകരിച്ച മന്ത്രിയുടെ ഉത്തരവാണ് അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണൽ തടഞ്ഞിരിക്കുന്നത്.
PSC അംഗീകരിച്ച പട്ടികയിൽ നിന്നും പുറത്തായ അധ്യാപക സംഘടന നേതാക്കളെകൂടി പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനും തുടർന്ന് സീനിയോട്ടി അനുസരിച്ച് ഡെപ്യൂട്ടി ഡയറക്ടർ, അഡിഷണൽ ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ അവരെ നിയമിക്കുന്നതിനും വേണ്ടിയാണ് ട്രൂബുനൽ ഉത്തരവ് നടപ്പാക്കാൻ മന്ത്രി വിസമ്മതിക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറഞ്ഞു.