തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസം വിവാദമായ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തിയതിൽ SC/ST സംവരണ തസ്തികയിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു.
ജനറൽ മെറിറ്റിലും എസ് സി റിസർവേഷനിലും നടന്ന രണ്ട് നിയമനങ്ങളിലും ജെഎൻയു വിൽ നിന്നും വിഷയ വിദഗ്ധരായി വിസി നിയമിച്ചവർ സ്വന്തം ഗവേഷക വിദ്യാർഥിയ്ക്കും JNU വിലെ പിഎച്ച് lഡി ഇല്ലാത്ത കരാർ അധ്യാപകനായ ഉദ്യോഗാർത്ഥിയ്ക്കും നിയമനത്തിന് ശുപാർ ശ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് കെപിസിടിഎ ആരോപിച്ചു.
ഒന്നാം റാങ്ക് ജനറൽ മെറിറ്റിൽ നേടിയ ഉദ്യോഗാർത്ഥിയുടെ ഗവേഷണ ഗൈഡ് അഭിമുഖപാനലിൽ ഉൾപ്പെട്ടത് നേരത്തെ തന്നെ വിവാദമായിരുന്നു.പ്രസ്തുത നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുമ്പോഴാണ് പിഎച്ച്ഡി ഉള്ള ആറ് ഉദ്യോഗർധികളെ ഒഴിവാക്കി SC സംവരണ തസ്തികയിലേയ്ക്ക് PhD ഇല്ലാത്ത ഒരാളിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം പുറത്തായത്. ജനറൽ ഒഴിവിന്റെ റാങ്ക് പട്ടികയിൽ മൂന്ന് പേരുടെ പാനൽ അംഗീകരിച്ചപ്പോൾ സംവരണ റാങ്ക് പട്ടികയിൽ ഒരൂ പേര് മാത്രം ഉൾപ്പെടുത്തിയതിലും ദുരൂഹത ഉണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയെ വെല്ലുവിളിച്ച് മുൻ വിസി ഗോപിനാഥ് രവീന്ദ്രൻ ഡൽഹി യൂണിവേഴ്സിറ്റി യിൽ നിന്നുള്ള വിഷയ വിദഗ്ധരെ ഓൺ ലൈനായി പങ്കെടുപ്പിച്ചുനടത്തിയ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്ന് ആവശ്യം വിവിധ മേഖലകളിൽ ശക്തമാണ്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഇത് സംബന്ധിച്ച് നിവേദനം ഗവർണർക്ക് നൽകിയിരിക്കുകയാണ്.
ഡോ.സുമേഷ് കെ ,ഡോ. ജിൻസി പി പി, ഡോ. ഷിമോദ് കെ പി , ഡോ. ശരത് ചന്ദ്രൻ, ഡോ. സുരേഷ് എസ്, ഡോ. രവീന്ദ്രൻ എസ്, ബാലകൃഷ്ണൻ പദ്മാവതി എന്നിവരാണ് റിസർവേഷൻ തസ്തികയിൽ അഭിമുഖത്തിന് ഹാജരായത്. ഇവരിൽ ജെ എൻ യു കരാർ അധ്യാപകനായ പി എച്ച് ഡി ഇല്ലാത്ത ബാലകൃഷ്ണൻ പത്മാവതിയ്ക്കാണ് ഒന്നാം റാങ്ക് നൽകിയത്.
സ്വജനപക്ഷപാതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും റിസർവേഷൻ തസ്തികയിലെ നിയമനവും കോടതിയിൽ ചോദ്യം ചെയ്യുമെന്നും കെ പി സി ടി എ കണ്ണൂർ മേഖലാ പ്രസിഡണ്ട് ഡോ. ഷിനോ പി ജോസ് അറിയിച്ചു .
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന വനിതാസെൽ കൺവീനർ ഡോ. പി പ്രജിത, മേഖലാ സെക്രട്ടറി ഇ എസ് ലത , ലൈസൻ ഓഫീസർ ഡോ. വി പ്രകാശ് എന്നിവർ സംസാരിച്ചു.