22/10/22
തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ:ഗോപിനാഥ് രവീന്ദ്രന്റെ വിസിയായുള്ള 2017 ലെ ആദ്യനിയമനം ചട്ട പ്രകാരമാണെന്ന സർക്കാർ വാദം സുപ്രീം കോടതി വിധിയോടെ പൊളിയുന്നു.
2016 ലെ ഹൈക്കോടതി വിധി പ്രകാരം യുജിസി ചട്ടം നിലവിൽവന്ന് ആറുമാസത്തിനുള്ളിൽ അത് സംസ്ഥാന സർവ്വകലാശാലകൾ നടപ്പിലാക്കണമെന്നും അതനുസരിച്ച് സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്തില്ലെങ്കിൽ യുജിസി ചട്ടങ്ങൾ നടപ്പിലായതായി കണക്കാക്കണമെന്നും വ്യക്തമാക്കിയിരുന്നു .
യുജിസി ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയത് കൊണ്ടാണ് കഴിഞ്ഞദിവസം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം സുപ്രീംകോടതിക്ക് റദ്ദാക്കേണ്ടിവന്നത്.
ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ 2017 ലെ വിസി യായുള്ള ആദ്യനിയമനം ക്രമപ്രകാരമല്ല എന്നതിന് തെളിവായുള്ള രേഖകൾ ഇപ്പോൾ പുറത്തായി.
ഗോപിനാഥ് രവീന്ദ്രനെ നിയമനത്തിന് ശുപാർശ ചെയ്ത സെർച്ച്കമ്മിറ്റി, ഒരു പാനൽ സമ ർപ്പിക്കുന്നതിനു പകരം ഒരു പേര് മാത്രമാണ് ശുപാർശ ചെയ്തത്. ഇത് യുജിസി ചട്ടത്തിന് വിരുദ്ധമാണ്.
സർവകലാശാലയുമായി ബന്ധപ്പെട്ടവർ സെർച്ച് അംഗങ്ങളാകാൻ പാടില്ലാ എന്നും അംഗങ്ങൾ അക്കാദമിക് വിദഗ്ധരായിരിക്കണമെന്നുമുള്ള വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഡോ: കെ. എം.എബ്രഹാമും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കളും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. രണ്ടുപേരും സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ്. മാത്രമല്ല ചീഫ് സെക്രട്ടറി അക്കാഡമിക് വിദഗ്ധനല്ല.
സർവ്വകലാശാലയുമായി ബന്ധപ്പെട്ടവർ ആരും സേർച്ച് കമ്മിറ്റിയിൽ അംഗങ്ങളാകാൻ പാടില്ലെന്നും മൂന്ന് അംഗങ്ങളും അക്കാദമിക് വിദഗ്ധരായിരിക്കണമെന്ന വ്യവസ്ഥയാണ് ലംഘിക്കപ്പെട്ടത്.
യുജിസി വ്യവസ്ഥകൾ ലംഘിച്ചുനടത്തിയ ഗോപിനാഥ് രവീന്ദ്രന്റെ ആദ്യനിയമനം തന്നെ ചട്ടവിരുദ്ധമായതുകൊണ്ട് അദ്ദേഹത്തിന്റെ പുനർനിയമനം സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കണമെന്ന് ആ വശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള ഗവർണർക്ക് നിവേദനം നൽകി.