12/9/22
തിരുവനന്തപുരം :കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ 36 ഏക്കർ ഭൂമി പാട്ട വ്യവസ്ഥയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വിട്ടു നൽകിയതിന് പിന്നാലെ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ (P.P.P)
200 കോടി രൂപ മതിപ്പ് വിലയുള്ള 15 ഏക്കർ ഭൂമി സയൻസ് പാർക്കിന് കൂടി വിട്ടുനൽകാൻ നടപടികളാരംഭിച്ചത് വിവാദമാകുന്നു.
മുഖ്യമന്ത്രി അധ്യക്ഷനായ സയൻസ് ആൻഡ് ടെക്നോളജി വകുപ്പാണ് ഈ ആവശ്യവുമായി കേരള സർവ്വകലാശാലയെ സമീപിച്ചിരിക്കുന്നത്.
സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തം ഉറപ്പാക്കി നാല് സയൻസ് പാർക്കുകൾ ആരംഭിക്കാൻ ആയിരം കോടി രൂപ ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒന്നാണ് കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ്സിൽ നിർമ്മിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
കാര്യവട്ടം ക്യാമ്പസിലെ 478 ഏക്കറിൽ 149 ഏക്കർ ഭൂമി പല സ്ഥാപനങ്ങൾക്കായി ഇതിനകം വിട്ടുകൊടുത്ത ശേഷം യൂണിവേഴ്സിറ്റിയുടെ കൈവശമുള്ള ഭൂമി 329 ഏക്കറായി കുറഞ്ഞു. ലക്ഷ്മി ഭായ് സ്പോർട്സ് കോളേജ്, ഗവൺമെൻറ് കോളേജ്, ടെക്നോപാർക്ക്, ഗ്രീൻഫീൽഡ് സ്റ്റേഡിയം, ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബി.എസ്.എൻ.എൽ തുടങ്ങിയ സ്ഥാപനങ്ങൾക്കായാണ് ഇതിനകം ഭൂമി വിട്ടു നൽകിയത്.
ഗ്രീൻഫീൽഡ് സ്റ്റേഡിയം 15 വർഷത്തെ പാട്ട വ്യവസ്ഥയിൽ ഒൻപത് വർഷം മുമ്പ് സർക്കാരുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒരു സ്വകാര്യ ഏജൻസിക്ക് കൈമാറിയെങ്കിലും പാട്ട തുകയായ ഒൻപത് കോടി രൂപ സർവകലാശാലയ്ക്ക് നൽകിയിട്ടില്ലെന്ന് സിഎജി യുടെ നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു.സർവ്വകലാശാല യാകട്ടെ ഇതിനെതിരെ യാതൊരു മേൽനടപടികളും സ്വീകരിച്ചിട്ടില്ലാതിരിക്കവേയാണ് വീണ്ടും പാട്ട വ്യവസ്ഥയിൽ ഭൂമി നൽകുന്നത്.
ടെക്നോളജി യൂണിവേഴ്സിറ്റിക്കും , ഉന്നത വിദ്യാഭ്യാസ കൗൺസിൽ കാര്യാലയത്തിനും ക്യാമ്പസ് ഭൂമി സർക്കാർ ആവശ്യപ്പെട്ടുവെങ്കിലും സർവ്വകലാശാലയുടെ ഭൂമി ഭാവി വികസനം കണക്കിലെടുത്ത് മേലിൽ വിട്ടുനൽകാൻ പാടില്ലെന്ന് സെനറ്റ് തീരുമാനമെടുത്തി രിക്കവെയാണ് സർക്കാർ -സ്വകാര്യ പങ്കാളിത്തത്തിൽ 15 ഏക്കർ ഭൂമി കൂടി വിട്ടു നൽകാൻ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ ധാരണയായത്.
സ്വകാര്യ പങ്കാളിത്തം മറച്ചുവച്ചാണ് സർക്കാരിനുവേണ്ടി വകുപ്പ് സെക്രട്ടറി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയതെന്ന് സിൻഡിക്കേറ്റിന് നൽകിയ വിസി യുടെ കുറിപ്പിൽ നിന്നും വ്യക്തമാണ്.
സയൻസ് പാർക്ക് ക്യാമ്പസിൽ സ്ഥാപിക്കുന്നത് ഗവേഷക വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെന്ന നിലപാടാണ് സർവകലാശാലയുടെത്. ടെക്നോപാർക്കിന് ഭൂമി നൽകിയപ്പോൾ ഇതേ വാദം നിരത്തിയിരുന്നുവെങ്കിലും ടെക്നോപാർക്ക് ആരംഭിച്ചശേഷം സർവകലാശാല വിദ്യാർഥികൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
തിരുവനന്തപുരം തോന്നയ്ക്കലിൽ സർക്കാർ ഉടമസ്ഥത യിലുള്ള ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ ഭൂമിയുള്ളപ്പോൾ സയൻസ് പാർക്ക്കൂടി അവിടെ ആരംഭിക്കാവുന്നതാണ്
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കോളേജ് അഫിലിയേഷൻ നിർത്തലാക്കുകയും ബിരുദകോഴ്സുകൾ കൂടി യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ആരംഭിക്കുകയും ചെയ്യുന്നതോടെ ക്യാമ്പസുകളിൽ കൂടുതൽ വികസന സൗകര്യം വേണ്ടിവരും. ബനാറസ് ഉൾപ്പെടെയുള്ള സർവ്വകലാശാലകൾ കൂടുതൽ ഭൂമി വാങ്ങി ക്യാമ്പസ് വികസിപ്പിക്കുമ്പോൾ സർവകലാശാല ഭൂമി സ്വകാര്യ സംരംഭകർക്ക് വിട്ടുകൊടുക്കുന്നത് കേരള സർവ്വകലാശാലയുടെ ഭാവി വികസനത്തെ ദോഷകരമായി ബാധിക്കുമെന്നത് ഗവർണരുടെ ശ്രദ്ധയിൽപെ ടുത്തുമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.