13/2/23
തിരുവനന്തപുരം :നിലവിലെ വൈസ് ചാൻസിലർ സ്ഥാനൊമൊഴിയുന്നതിനു മുമ്പ് രണ്ടുവർഷമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികയിൽ അധ്യാപക സംഘടനാ നേതാവിനെ നിയമിക്കാൻ തിരക്കിട്ട് ഇൻറർവ്യൂവെന്ന് ആക്ഷേപം.
പ്രൊഫസ്സർക്ക് തത്തുല്യ മായ രജിസ്ട്രാറുടെ നിയമന കാലാവധി നാലു വർഷമാണ്.
മലയാളം സർവ്വകലാശാലയിലാണ് രജിസ്ട്രാറെ നിയമിക്കുന്നതിന് ഇൻറർവ്യൂ നാളെ നടത്തുന്നത്.
മലയാളം സർവ്വകലാശാല വിസി ഡോ: അനിൽ
വള്ളത്തോൾ ഈ മാസം 28 നാണ് സ്ഥാനം ഒഴിയുന്നത്.സുപ്രീം കോടതി വിധിയെ തുടർന്ന് ഗവർണറുടെ പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയ വിസി ഡോ: അനിൽകുമാർ, കോടതിയുടെ താൽക്കാലിക ഉത്തരവി ലൂടെയാണ് തൽ സ്ഥാനത്ത് തുടരുന്നത്.
രജിസ്ട്രാർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവരിൽ മൂന്നു പേരെയാണ് ഇന്റർവ്യൂവിന് ക്ഷണിച്ചിട്ടുള്ളത്. മലയാളം സർവ്വകലാശാലയിലെ ഒരു അധ്യാപകനേയും, (ഡോ:ബാബുരാജ് ),
കൊല്ലം എഫ്. എം. എൻ കോളേജ് അധ്യാപകനേയും(ഡോ:ഷെല്ലി),സർക്കാർ കോളേജ് അധ്യാപകനേയുമാണ്
(ഡോ:പി. പി. പ്രകാശൻ) ഇന്റർവ്യൂവിനുള്ള ഹൃസ്വ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സിപിഎം അനുകൂല സർക്കാർ കോളേജ് അധ്യാപക സംഘടനയുടെ നേതാവായ അപേക്ഷകന് നിയമനം നൽകുന്നതിന് വേണ്ടിയാണ് വിസി യുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ തിരക്കിട്ട് ഇന്റർവ്യൂ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
കോളേജ് പ്രിൻസിപ്പലായി നിയമനം ലഭിക്കുന്നതിന് യോഗ്യതയി ല്ലാത്തതുകൊണ്ട് പട്ടികയിൽ നിന്ന് പുറത്തായ ഈ നേതാവ്, കണ്ണൂർ സർവ്വകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകിയത് കൊണ്ട് റാങ്ക് പട്ടികയിൽ ഒഴിവാക്കിയിരുന്നു. അതിന് പകരമായാണ് ഇപ്പോൾ രജിസ്ട്രാർ നിയമനം നൽകുന്നതെന്നാണ് ആരോപണം.
സുപ്രീം കോടതി വിധിയെ തുടർന്ന് ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്ന വൈസ് ചാന്‍സര്‍ തിരക്കിട്ട് നടത്തുന്ന നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.