സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ പ്രൊമോഷൻ: PSC ശുപാർശ ചെയ്ത 43 പ്രിൻസിപ്പൽമാരുടെ നിയമന പട്ടിക നിലനിൽക്കേ തള്ളപ്പെട്ട അധ്യാപക നേതാക്കൾക്ക് വേണ്ടി ചട്ടവിരുദ്ധ ഹിയറിങ്ങ് നടത്താൻ മന്ത്രിയുടെ നിർദ്ദേശമെന്ന് ആക്ഷേപം,യോഗ്യത മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നുവെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

8/10/22

തിരുവനന്തപുരം :യുജിസി അംഗീകൃത
ജേർണലുകളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങളി ല്ലാത്തതിനാൽ പ്രിൻസിപ്പൽമാരായുള്ള സ്ഥാനക്കയറ്റം നൽകുന്നത് കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പിഎസ് സി യും തടഞ്ഞവരുടെ പ്രസിദ്ധീകരണങ്ങൾ വീണ്ടും പരിശോധന നടത്തി പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്    കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വാക്കാൽ നിർദേശം നൽകി. സർക്കാർ കോളേജുകളിലെ അധ്യാപക സംഘടനാ നേതാക്കന്മാരും, സീനിയർ അധ്യാപകരുമാണ്
യൂജിസി അംഗീകൃത പ്രസിദ്ധീകരണങ്ങളുടെ കുറവ്മൂലം പ്രിൻസിപ്പൽ നിയമന പട്ടികയിൽനിന്നും പുറത്തായത്.

യുജിസി അംഗീകരിച്ചിട്ടുള്ള
ജേർണലുകളിലെ പ്രസിദ്ധീകരണങ്ങളും,15 വർഷത്തെ അധ്യാപന പരിചയവും ഇല്ലാത്ത വരെയാണ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഒഴിവാക്കിയത്. യോഗ്യതയില്ലാത്ത വരെക്കൂടി വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയാൽ പട്ടികയ്ക്ക് വീണ്ടും പിഎസ്സിയുടെ അംഗീകാരം വേണ്ടിവരും. .

ഇപ്പോൾ പ്രിൻസിപ്പൽ പട്ടികയിൽ പെടാത്തവരുടെ പ്രൊമോഷനോടൊപ്പം മാത്രമേ യോഗ്യത പട്ടികയിലുള്ള  43 പേരുടെ പ്രൊമോഷൻ സർക്കാർ അംഗീകരിക്കുകയുള്ളുവെന്നാണ് സൂചന.

കണ്ണൂർ സർവ്വകലാശാലയിലെ  വിവാദ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ  അധ്യാപന പരിചയം കണക്കാക്കുന്നതിന് അധ്യാപകേതര ഡെപ്യൂട്ടേഷൻ സർവീസ് കണക്കുകൂട്ടാൻ പാടില്ലെന്ന് യൂ ജി സി ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, എല്ലാ ഡെപ്യൂട്ടേഷൻ സർവീസുകളും അധ്യാപനപരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടത് അധ്യാപക സംഘടനാ നേതാക്കന്മാർക്ക്  പ്രിൻസിപ്പൽ മാരായിപ്രമോഷൻ ലഭിക്കുന്നതിനുവേണ്ടിയാ ണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

അക്കാദമിക വർഷം ആരംഭിച്ചിട്ട് നാലു മാസം പിന്നിട്ടിട്ടും 66 സർക്കാർ കോളേജുകളിൽ ഇപ്പോഴും പ്രിൻസിപ്പൽമാരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ നാലു വർഷമായി നിരവധി സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാത്ത നില തുടരുകയാണ്.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് പ്രിൻസിപ്പൽമാരുടെയും പ്രൊഫസർമാരുടെയും പ്രൊമോഷന് വേണ്ടി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷയായുള്ള വിദഗ്ധസമിതി, യോഗ്യത പരിശോധനയും ഇൻറർവ്യൂവും നടത്തിയത്. പ്രിൻസിപ്പൽ തസ്തികയ്ക്ക് 103 പേരും  പ്രൊഫസർ പദവിക്ക് 130 പേരും അപേക്ഷകരായിരുന്നു.75 പേരെയാണ് പ്രൊഫസ്സർ പ്രൊമോഷന് ശുപാർശ ചെയ്തിട്ടുള്ളത്. റിട്ടയർ ചെയ്ത 20 അധ്യാപകരുടെ പ്രൊഫസ്സർ പദവിക്കുള്ള അപേക്ഷ പരിഗണിച്ചില്ല. പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യരായ 43 പേരുടെ നിയമന
ഉത്തരവ് വൈകുന്നത് മൂലം പ്രൊഫസർ പ്രമോഷനും തടഞ്ഞുവച്ചിരിക്കുകയാണ്.

എന്നാൽ എയ്ഡഡ് സ്വകാര്യ കോളേജുകളിലെ നൂറോളം അധ്യാപകർക്ക് സർവ്വകലാശാലകൾ ഇതിനകം പ്രൊഫസർ പദവി അംഗീകരിച്ചു നൽകിയിട്ടുണ്ട്..

യോഗ്യത മാനദണ്ഡങ്ങളിൽ ഇളവ് നൽകി പ്രിൻസിപ്പൽമാരെ നിയമിക്കണമെന്ന അധ്യാപക സംഘടനാ നേതാക്കന്മാരുടെ സമ്മർദങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി വഴങ്ങുന്നത്, സർക്കാർ കോളേജുകളുടെ അക്കാദമിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *