തിരുവനന്തപുരം :ആദി ശങ്കരാചാര്യരുടെ ജീവിത കാലഘട്ടം പോലും തെറ്റായി കാണിച്ച് തയ്യാറാക്കിയ ഒരു പ്രബന്ധത്തിന് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സർവ്വകലാശാല ഡോക്ടറേറ്റ് ബിരുദം നൽകുന്നത് സർവ്വകലാശാലയ്ക്ക് അപമാനമാണ്. ഈ ഗുരുതര വീഴ്ച വരുത്തിയ നിയുക്ത പിഎസ്സി മെമ്പർ പ്രിൻസി കുര്യാക്കോസിന്റെ PhD പ്രബന്ധം യൂജിസി യുടെ നിയന്ത്രണത്തിലുള്ള ‘ഷോദ്ഗംഗ’ വെബ്സൈറ്റിൽ നിന്ന് ഉടനടി പിൻവലിക്കണമെന്നും, പ്രബന്ധം പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, പ്രബന്ധം തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിച്ച ‘സംസ്കൃത’ മുൻ വൈസ് ചാൻസലർ ധർമ്മരാജ് അടാട്ടിന്റെ ഡീൻ പദവി റദ്ദാക്കണമെന്നും, പ്രബന്ധ പരിശോധകരെ
(evaluators) മൂല്യ നിർണ്ണയത്തിൽ നിന്നും സ്ഥിരമായി ഡീബാർ ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്കൃത സർവ്വകലാ ശാല വൈസ് ചാൻസർക്ക് നിവേദനം നൽകി.
ശങ്കരാചാര്യരുടെ ജീവിത കാലഘട്ടവും നമ്മുടെ രാജ്യത്ത് അയിത്തം നിലനിന്ന കാലവും അറിയില്ല എന്നതിന് പുറമെ 210 പേജുകളുള്ള പ്രബന്ധത്തിൽ മൂവായിരത്തോളം വ്യാകരണ പിശകുകളും അക്ഷരത്തെറ്റുകളും ക്യാമ്പയിൻ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ പ്രബന്ധം തയ്യാറാക്കിയ ഗവേഷകയ്ക്ക് ഇംഗ്ലീഷ് വ്യാകരണത്തിൽ അടിസ്ഥാനജ്ഞാനം പോലുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സംസ്കൃത സാഹിത്യത്തിൽ എം എ ബിരുദം നേടിയ പ്രിൻസി കുര്യാക്കോസിനോ, മേൽനോട്ടം വഹിച്ച ധർമ്മരാജ് അടാട്ടിനോ, സംസ്കൃത വേദാന്ത വിഷയത്തിൽ ഗവേഷണം നടത്തുവാനുള്ള അടിസ്ഥാന യോഗ്യത ഇല്ല. ഗവേഷണ പ്രബന്ധം പിൻവലിക്കുന്നതിന് ഇതും ഒരു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രബന്ധത്തിൽ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും
വ്യാപകമായതുകൊണ്ട് പ്ലാജറിസം (കോപ്പിയടി) കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കണ്ടെത്താനാവില്ലെന്നത് ഗവേഷകയ്ക്ക് ഒരു അനുഗ്രഹമായി മാറിയതായും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
എട്ട് -ഒൻപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നതായി കരുതുന്ന ശങ്കരാചര്യർ ജീവിച്ചിരുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണെന്നും, ജാതി വിവേചനവും
അയിത്തവും നിലനിന്നി രുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യേയാണെന്നുമുള്ള ഗവേഷകയുടെ കണ്ടെത്തലുകളാണ് വിവാദമായത്.
സംസ്‌കൃത സർവ്വകലാ ശാല യൂണിയൻ ചെയർമാൻ ആയിരുന്ന പ്രിൻസി കുര്യാക്കോസ് 2018 ലാണ് PhD ബിരുദം നേടിയത്. ചിന്താ ജെറോമിനോടൊപ്പം യുവജന കമ്മീഷൻ അംഗമായിരുന്ന പ്രിൻസി എറണാകുളം ജില്ല Dyfi പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു വിദ്യാർഥി യുവജന സംഘടനാ നേതാവിനെ ഭരണഘടനാ സ്ഥാപനമായ PSC യുടെ അംഗമായി നിയമിക്കുന്നത് ആദ്യമായാണ്. രണ്ടര ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന നിയുക്ത PSC അംഗം 38 -)o മത്തെ വയസ്സ് മുതൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷന് അർഹയാകും.