പി എച്ച് ഡി വിവാദം അവസാനിക്കുന്നില്ല; ആദിശങ്കരാചാര്യർ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്ന ”കണ്ടെത്തലുമായി ” നിയുക്ത പി എസ് സി മെമ്പർ, അയിത്തം നിലവിൽ വന്നത് പത്തൊൻപതാം നൂറ്റാണ്ടിലെന്നും ഗവേഷകയുടെ കണ്ടെത്തൽ. ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലും അടിമുടി തെറ്റ്, ഡോ :പ്രിൻസി കുര്യാക്കോസിനെ ഭരണഘടനാ സ്ഥാപനമായ PSC യുടെ അംഗമാക്കാനുള്ള ശുപാർശ അംഗീകരിക്കരുതെന്ന് ഗവർണർക്ക് നിവേദനം1 min read

തിരുവനന്തപുരം :യുവജന കമ്മീഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമിന്റെ
പിഎച്ച്ഡി പ്രബന്ധ വിവാദത്തിന് പിന്നാലെ
നിയുക്ത പി എസ് സി അംഗത്തിൻ്റെ പി എച്ച്‌ ഡി യും വിവാദത്തിൽ.

ഇക്കഴിഞ്ഞ സെപ്തംബർ …. ന് കൂടിയ മന്ത്രിസഭായോഗം പി എസ് സി അംഗമാക്കാൻ ഗവർണ്ണർക്ക് ശുപാർശ ചെയ്ത ഡോ. പ്രിൻസി കുര്യാക്കോസിൻ്റെ പി എച്ച് ഡി പ്രബന്ധമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

2018ൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നാണ് ഇവർ പി എച്ച് ഡി നേടിയത്. ആദി ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളുടെ താരതമ്യപഠനം എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്.(The Concept of Vedadhikara according to Sri Sankara and Chattampiswamikal- A comparative study).

പൊതുവർഷം എട്ട് – ഒൻപത് നൂറ്റാണ്ടുകളിലാണ് ശങ്കരാചാര്യർ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. എന്നാൽ പ്രിൻസി കുര്യാക്കോസിൻ്റെ പ്രബന്ധത്തിലെ അദ്ധ്യായം രണ്ട് – പേജ് എട്ട് അനുസരിച്ച്, ശങ്കരാചാര്യർ ജീവിച്ചിരുന്നത് പതിനെട്ട് – പത്തൊൻപത് നൂറ്റാണ്ടുകളിലാണ്. വളരെ വിചിത്രവും തെറ്റിദ്ധാരണാജനകവുമായ വാദമാണ് ഇത്.

മാത്രമല്ല, എത്രയോ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി വിവേചനവും തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയും (untouchability and unapproachability), പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യേയാണ് തുടങ്ങിയതെന്നാണ് ഗവേഷകയുടെ മറ്റൊരു കണ്ടെത്തൽ.(അധ്യായം 4, പേജ് 6)

ഇത്തരത്തിൽ പ്രബന്ധത്തിൽ അടിമുടി വസ്തുതാപരമായ തെറ്റുകൾപുറമെ അബദ്ധ ജടിലമായ ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാനജ്ഞാനമില്ലാതെ എഴുതിയതിനാൽ പ്രബന്ധത്തിന്റെ എല്ലാ പേജുകളിലുമായി നൂറുകണക്കിന് അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഒറ്റ നോട്ടത്തിൽത്തന്നെ കാണാനുമാകും.

യുവജന കമ്മീഷൻ അംഗവും ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന പ്രിൻസി കുര്യാക്കോസ് ഗവേഷണം നടത്തിയത് കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ആയിരുന്ന ഡോ. ധർമ്മരാജ് അടാട്ടിൻ്റെ മേൽനോട്ടത്തിലാണ്.

പ്രബന്ധത്തിൽ ഉടനീളം വ്യാപകമായി പിശകുകളുള്ളത് ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയെങ്കിലും അതിനെ അവഗണിച്ച് ഈ പ്രബന്ധത്തിന് പി ച്ച് ഡി നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു അന്ന് വൈസ് ചാൻസിലർ കൂടിയായിരുന്ന ഡോ ധർമ്മരാജ് അടാട്ട്.

മൂന്നു പതിറ്റാണ്ട് കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാലയിൽ പ്രൊഫസ്സറും തുടർന്ന് വൈസ് ചാൻസിലറുമായിരുന്ന ഗവേഷണ മാർഗ്ഗദർശിക്ക് ശങ്കരാചാര്യരുടെ ജീവിതകാലഘട്ടം പോലും അറിയില്ല എന്നത് സാംസ്ക്കാരിക കേരളത്തിന് അപമാനമാണ്. മാത്രമല്ല, ഗവേഷക ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് സമീപമുള്ള പെരുമ്പാവൂരുകാരിയുമാണ്.

അബദ്ധപഞ്ചാംഗമായ പ്രബന്ധത്തിലൂടെ പി എച്ച് ഡി കരസ്ഥമാക്കിയ, ഇംഗ്ലീഷ് ഭാഷയുടെ പ്രാഥമിക വ്യാകരണങ്ങൾ പോലും അറിയാത്ത ഒരു യുവനേതാവിനെ ഭരണഘടനാ സ്ഥാപനമായ പബ്ലിക് സർവീസ് കമ്മീഷന്റെ അംഗമെന്ന നിലയിൽ നിയമിക്കുന്നത് സർക്കാർ സർവീസ് പ്രവേശനം പ്രതീക്ഷിച്ചുകഴിയുന്ന ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണ്.

ഇത്തരക്കാരെ പി എസ് സി അംഗമായി നിയമിക്കുന്നത് ആ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതതന്നെ തകർക്കും. അതുകൊണ്ട് പ്രിൻസി കുര്യാക്കോസിനെ പി എസ് സി അംഗമായി നിയമിക്കാനുള്ള സർക്കാർ ശുപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *