23/10/22
തിരുവനന്തപുരം :സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ:എം. വി. നാരായണന്റെ പേരു മാത്രമായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തതത്തിന്റെയും സീനിയർ ആയ ആറുപ്രൊഫസ്സർമാരെ ഒഴിവാക്കിയതിന്റെയും രേഖകൾ പുറത്തായി
സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിക്ക് വിവരാവകാശനിയമ പ്രകാരമാണ് ഈ രേഖകൾ ലഭിച്ചത്.
കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃത ഡീൻ ഉൾപ്പടെ ഏഴ് സീനിയർ പ്രൊഫസർമാരുടെ ചുരുക്കപട്ടിക തയ്യാറാക്കിയശേഷമാണ് ഒരു പേര് മാത്രമായി
സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. കാലിക്കറ്റ്, കുസാറ്റ് സർവ്വകലാശാല വിസി നിയമനങ്ങൾക്ക് നേരത്തെ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പാനലിലുള്ളവരും സംസ്കൃതയുടെ ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു. അവരും
ഒഴിവാക്കപെട്ടവരിൽ പെടുന്നു.
പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ: വി. കെ. രാമചന്ദ്രൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ: രാജൻ ഗുരുക്കൾ, കാളിദാസാ സംസ്കൃത വിശ്വവിദ്യാലയം വൈസ് ചാൻസലർ പ്രൊഫ: ശ്രീനിവാസ് വരഖേദി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.
യൂജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി, സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സെർച്ച് കമ്മിറ്റിയിൽ അംഗമായതും, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ സുപ്രീം കോടതി വിധി പ്രകാരം പാനലിൽ നിന്നല്ല നിയമനമെന്നതും സംസ്കൃത സർവ്വകലാശാല വിസി നിയമനം അസാധു ആകാൻ മതിയായ കാരണമാണ്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിസി മാരുടെ നിയമനങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ നിവേദനം ഗവർണറുടെ പരിഗണയിലാണ്.