തിരുവനന്തപുരം :നാലുവർഷ ബിരുദ കോഴ്സിന്റെ പരീക്ഷാഫീസ് കുത്തനെ
ഉയർത്തിയ സർവ്വകലാശാലകളുടെ തീരുമാനം പിൻവലിക്കണ മെന്നും, സർവ്വകലാശാലകളുടെ സ്വയംഭരണത്തിൽ സർക്കാർ ഇടപെടരുതെന്നും, സർവ്വകലാശാലകൾക്ക് നൽകിവരുന്ന ഗ്രാന്റ് വിഹിതം ആനുപാതിക മായി വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളായ സർവ്വകലാശാലകൾ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങളെ തുടർന്നാണ് സർവ്വകലാശാലകൾ പരീക്ഷാഫീസ് കുത്തനെ ഉയർത്താൻ തീരുമാനിച്ചത്.നിലവിലുള്ള ഫീസ് വർദ്ധനവ് വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലും അധികമാണ്
ഫീസ് വർദ്ധനവ് പഠിച്ച് റിപ്പോർട്ട് നൽകാനും,ഫീസ് വർദ്ധനവ് സർക്കാർ തീരുമാനിക്കുമെന്നുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത സർവ്വകലാശാല വിസി മാരുടെ യോഗത്തിലെ മന്ത്രിയുടെ പ്രഖ്യാപനം സർവകലാശാലകളുടെ സ്വയം ഭരണത്തിലുള്ള കൈകടത്തലാണ്.
ഫീസ് വർദ്ധനവ് ഉപേക്ഷിക്കാൻ മന്ത്രി വിസി മാരോട് നിർദ്ദേശിക്കുകയാണ് വേണ്ടത്.
സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സർവ്വകലാശാലകളിൽ ഉണ്ടായിരുന്ന റിസർവ് ഫണ്ട് പൂർണമായും ട്രഷറിലേക്ക് മാറ്റിയശേഷം സർവകലാശാല സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ നീതീകരണമില്ല.
യൂണിവേഴ്സിറ്റികൾക്കുള്ള ഗ്രാന്റ്തുക കൂട്ടി നൽകുകയാണ് വേണ്ടതെന്നും സർവ്വകലാശാലകളുടെ ഗ്രാന്റ് വിഹിതം വർദ്ധിപ്പിച്ചില്ലെങ്കിൽ സർവ്വകലാശാലക ളുടെ അക്കാദമിക പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകുമെന്നും കമ്മിറ്റി നിവേദനത്തിൽ പറയുന്നു.