തിരുവനന്തപുരം :വെറ്റിനറി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നാല് ഡയറി സയൻസ് കോളേജുകളിൽ മൂന്നു കോളേജിലും 12 ന് താഴെ മാത്രം വിദ്യാർത്ഥികൾ. രണ്ട് കോളേജുകൾ പ്രവർത്തിക്കുന്നതാകട്ടെ യാതൊരു പ്രാഥമിക സൗകര്യങ്ങളും ഇല്ലാത്ത താൽക്കാലിക കെട്ടിടങ്ങളിലും. 10 വർഷം പിന്നിട്ടിട്ടും ഇവിടെ സ്ഥിരം കെട്ടിടങ്ങൾ നിർമ്മിക്കുവാനുള്ള നടപടികൾ കൈക്കൊള്ളാതെയാണ് കോടികളുടെ ബാധ്യതയുള്ള അധിക അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താൻ സർവ്വകലാശാല തീരുമാനിച്ചിരിക്കുന്നത്
വെറ്റിനറി യൂണിവേഴ്സിറ്റി നിലവിൽ വരുന്നതിനുമുൻപ് കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ മണ്ണുത്തിയിലാണ് ഡയറി കോളേജ് പ്രവർത്തിക്കുന്നത്. അത് പിന്നീട് വെറ്റിനറി യൂണിവേഴ്സിറ്റിയുടെ ഭാഗമായി.
വെറ്റിനറി യൂണിവേഴ്സിറ്റി നിലവിൽ വന്ന ശേഷമാണ് പൂക്കോടും, തിരുവനന്തപുരത്തെ കൈമനത്തും,വാഗമണിലും പുതിയ കോളജുകൾ ആരംഭിച്ചത്.
പൂക്കോടുള്ള കോളേജ് ഇപ്പോൾ വെറ്റിനറി കോളേജ് ഹോസ്പിറ്റലിന് മുകളിൽ യാതൊരു സൗകര്യങ്ങളും കൂടാതെ താൽ ക്കാലികമായി പ്രവർത്തിക്കുകയാണ്. തിരുവനന്തപുരത്ത് കൈമനത്ത് ബി.എസ്.എൻ.എൽ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 50 ലക്ഷം രൂപ വാടക നൽകിയാണ് കോളേജ് പ്രവർത്തിപ്പിക്കുന്നത്.
ഈ രണ്ട് കോളജിലെയും 12 ന് താഴെ മാത്രമുള്ള വിദ്യാർത്ഥികളെ സ്ഥിരം കെട്ടിടങ്ങളും മറ്റു പ്രാഥമിക സൗകര്യങ്ങളുമുള്ള വാഗമണ്ണിലേയ്ക്കോ, മണ്ണുത്തിയിലയ്ക്കോ മാറ്റിയാൽ പഠനത്തിനും ഗവേഷണത്തിനും കൂടുതൽ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കും.
Phd പ്രബന്ധത്തിൽ പ്ലാജറിസം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം നേരിട്ട ഉന്നതനാണ് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് തസ്തികകൾ സൃഷ്ടിച്ചതെന്ന് അറിയുന്നു.
യഥാർഥ വസ്തുതകൾ മറച്ചു വച്ച്,ഡയറി കോളേജിൽ 59 അധ്യാപകരുടെ അധിക സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് പൂക്കോടും കൈമ നത്തും വിദ്യാർത്ഥികൾ ഇല്ലെങ്കിലും കോളേജുകൾ പ്രവർത്തിപ്പിക്കുന്നത് എന്നാണ് ആക്ഷേപം.
ഈ വസ്തുതകൾ പരിഗണിക്കാതെയാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി വിസി യുടെ വിശദീകരണത്തെ ശരിവെക്കുന്നതെന്നും സാമ്പത്തികമായി തകർന്ന സർവകലാശാലയെ സംരക്ഷിക്കുവാനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവിച്ചു.