വെറ്റിനറി യൂണിവേഴ്സിറ്റി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വിസി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അധ്യാപക നിയമനങ്ങൾ1 min read

 

തിരുവനന്തപുരം :യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി വിസി യായി തുടരുന്ന പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ഡോ:M.R. ശശീന്ദ്രനാഥിന്റെ കാലാവധി ജൂണിൽ അവസാനിക്കുന്നതിന് മുമ്പ് കൃത്രിമമായി 156 അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികകൾ,വിദ്യാർത്ഥി അധ്യാപക അനുപാതം ലംഘിച്ചുകൊണ്ട്, നിയമനം നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കൃത്യമായി ശമ്പളം പോലും നൽകാൻ സർവ്വകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള അധ്യാപക നിയമനങ്ങൾ നടത്തുന്നത്. ഇപ്പോൾ തന്നെ പ്രതിമാസം 4 കോടിയുടെ കടത്തിലാണ് സർവ്വകലാശാല പ്രവർത്തിക്കുന്നത്

യൂണിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ സിപിഐ മന്ത്രിയാണെങ്കിലും, യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെൻറ് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്.

സർവ്വകലാശാലയിലെ ചില ഉന്നതരുടെ സ്വന്തക്കാർക്ക് കൂടി നിയമനം ലഭിക്കുവാൻ പാകത്തിന് നിയമന വിജ്ഞാപനം നടത്താനാണ് കഴിഞ്ഞമാസം ചേർന്ന് ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്. അതിനായി ചില തസ്തികകളെ നെറ്റ് പരീക്ഷ യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

ജൂണിൽ വിസി യുടെ കാലാവധി പൂർത്തിയായാൽ പുതിയ വി സി നിയമിതനാകു മെന്നുള്ള സാധ്യത കണക്കിലെടുത്ത് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് റാങ്ക് പട്ടിക തയ്യാറാക്കുകയാണ്‌ ലക്ഷ്യം.

ഇപ്പോൾ തന്നെ വെറ്റി നറി സർവകലാശാലയുടെ വിവിധ കോഴ്‌സുകളിൽ ചിലതിന് ICAR ന്റെയോ, വെറ്റിനറി കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ഗവേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ വിവിധ ഗ്രാന്റുകൾ അനുവദിച്ചിട്ടില്ല.

UGC അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാർത്ഥി അനുപാതമായ 1: 20 എന്ന തോതിന്റെ സ്ഥാനത്ത് ഇപ്പോൾ 1:10 എന്ന അനുപാതത്തിൽ അധ്യാപകരുള്ളപ്പോഴാണ് വീണ്ടും നിയമനങ്ങൾ നടത്തുന്നത്. പുതിയ നിയമനങ്ങൾ കൂടി നടത്തിയാൽ അനുപാതം 1:5 ആയി വർധിക്കും.

*സംവരണം പാലിക്കുന്നില്ല*

സർവ്വകലാശാല ചട്ടങ്ങളിൽ അധ്യാപക നിയമങ്ങൾക്ക് സംവരണം പാലിക്കണമെന്ന വകുപ്പ് ഇല്ലാത്തതുകൊണ്ട് അധ്യാപക നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ല.KSR ബാധകമായതു കൊണ്ട് സംവരണം പാലിക്കണമെന്ന വ്യവസ്ഥ യൂണിവേഴ്സിറ്റി ബോധപൂർവ്വം ഒഴിവാക്കുകയാണ്.

അധ്യാപക നിയമനങ്ങൾ നടത്താനുള്ള യൂണിവേഴ്സിറ്റി ഭരണസമിതി തീരുമാനം പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *