വയനാട് :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഏഴുമാസം പിന്നിട്ടിട്ടും, മരണത്തിന് ഉത്തരവാദികൾ എന്ന കാരണത്താൽ ഏതാനും വിദ്യാർത്ഥികളെയും കോളേജ് ഡീൻ, വാർഡൻ എന്നിവരെയും കോളേജിൽ നിന്നും പുറത്താക്കി എന്നൊ തൊഴിച്ചാൽ സിദ്ധാർത്ഥന്റെ കുടുംബത്തെ സഹായിക്കുവാൻ സർക്കാരോ സർവ്വകലാശാലയോ നാളിതുവരെ തയ്യാറായിട്ടില്ല.
ഓർമ്മയ്ക്ക് സൂക്ഷിക്കാൻ സിദ്ധാർത്ഥിന്റെ ഡ്രസ്സ്, കണ്ണട, ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ, ഡ്രസ്സ് എന്നിവ പോലും മാതാപിതാക്കൾക്ക് കൈമാറാതെ യൂണിവേഴ്സിറ്റി അധികൃതർ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഒരു വർഷം മുമ്പ് കുസാറ്റിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീത നിശയിലെ തിരക്കിൽപെട്ട് മരണപ്പെട്ട നാല് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായ സർക്കാർ സിദ്ധാർത്ഥന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണിക്കാൻ വിമുഖത കാട്ടുകയാണ്.
ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ ആൾക്കൂട്ടകൊലപാതകമാണെ ന്നത് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണ് സിദ്ധാർത്ഥിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാരോ സർവ്വകലാശാലയോ തയ്യാറാകാത്തത്.
അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ പരോക്ഷമായോ പ്രത്യക്ഷമായോ ഉത്തരവാദിത്തമുള്ള ഡീൻ,വാർഡൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമപോരാട്ടം നടത്താൻ ഫണ്ട് സ്വരൂപിക്കുമ്പോൾ സിദ്ധാർത്ഥിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിൽ യൂണിവേഴ്സിറ്റി അധികൃതരും അധ്യാപകരും പിന്തിരിഞ്ഞു നിൽക്കുന്നത് നീതീകരിക്കാനാവില്ല.
സിദ്ധാർത്ഥന്റെ സഹോദരൻറെ തുടർ പഠന ചെലവവിനുള്ള സാമ്പത്തിക സഹായം നൽകാൻ സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്കും നൽകി.