തിരുവനന്തപുരം :കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. തീരദേശ മേഖല ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ് തഹസിൽദാർമാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാനും നിർദേശം . ആർ ടി ഒ, മേജർ ഇറിഗേഷൻ,അദാനി, മൈനർ ഇറിഗേഷൻ, വിസിൽ, പഞ്ചായത്ത് സെക്രട്ടറിമാർ, ഡി ഡി പി എന്നിവരുമായി ബന്ധപ്പെട്ട് വേലിയേറ്റ സമയത്തുണ്ടായ വെള്ളം തിരിച്ചു കടലിലേക്ക് ഇറക്കിവിടുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
വെള്ളം കയറിയ വീടുകൾ, ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് ഫസ്റ്റ് എയ്ഡ് കിറ്റുകളും അവശ്യ ജീവൻ രക്ഷാ മരുന്നുകളും സംഭവസ്ഥലത്ത് എത്തിക്കാൻ ഡി എം ഒ യെ ചുമതലപ്പെടുത്തി.
കടലാക്രമണ ബാധിത പ്രദേശങ്ങളിൽ റിലീഫ് ക്യാമ്പുകൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ക്യാമ്പുകൾ തുടങ്ങാൻ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്കൂളുകളുടെയോ താക്കോൽ, അവിടെ വെള്ളം, ഭക്ഷണം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനുള്ള നടപടികൾ അതത് തഹസിൽദാർമാരും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികളും സ്വീകരിക്കും.
കടലാക്രമണത്തെ തുടർന്ന് റോഡുകളിൽ വെള്ളം കയറി അപകട ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിൽ അവിടേക്കുള്ള യാത്ര നിരോധനം നടപ്പിലാക്കുന്നതിനു പോലീസ് മേധാവികൾ നടപടി സ്വീകരിക്കും.
മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.