1/4/23
തിരുവനന്തപുരം :ഒന്നാം പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകരമാണ് തുടർഭരണമെന്ന് മുഖ്യമന്ത്രി. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് FB പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
മുഖ്യമന്ത്രിയുടെ FB പോസ്റ്റ്
‘തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുകയാണ്. കേരളത്തിന്റെ സർവ്വതലസ്പർശിയായ വികസനത്തിന് മുൻ സർക്കാർ സ്വീകരിച്ച നടപടികൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ തുടർഭരണം. ഈ ജനവികാരത്തെ മാനിച്ചുകൊണ്ട് വികസനത്തുടർച്ചയ്ക്കാവശ്യമായ നൂതനപദ്ധതികളുമായാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്.
പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ചിത്രീകരിക്കുന്ന പ്രദർശന-വിപണന മേളകളോടെയാണ് ഇത്തവണ വാർഷികാഘോഷം കടന്നുവരുന്നത്. ‘എന്റെ കേരളം-2023’ എന്ന പേരിലുള്ള മേളകൾ വിവിധ വകുപ്പുകളുടെ പദ്ധതികളും നേട്ടങ്ങളും സേവനങ്ങളും പുതിയ വികസനസാധ്യതകളും തുറന്നുകാട്ടുന്ന ഒന്നാണ്. ആബാലവൃദ്ധം ജനങ്ങളെ ആകർഷിക്കുന്ന വിവിധ കലാ-വിനോദ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
‘എന്റെ കേരളം- 2023’ ന്റെ ഔപചാരിക ഉദ്‌ഘാടനം ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുകയാണ്. രണ്ടുമാസം നീളുന്ന ഈ ആഘോഷപരിപാടികളിൽ പങ്കാളികളാവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അറിവും നൈപുണിയും കൈമുതലായ ഒരു പുതുതലമുറയെ, നവകേരളത്തെ വാർത്തെടുക്കാൻ നമുക്കൊന്നിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു