ആൾമാറാട്ട വിവാദം ; വിശാഖിനെ SFI പുറത്താക്കി1 min read

17/5/23

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ‘ആള്‍മാറാട്ട’ വിവാദത്തില്‍ സംഘടനാ നടപടി സ്വീകരിച്ച്‌ എസ്‌എഫ്‌ഐ.

കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറിയിച്ചു. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഗൗരവത്തോടെയാണ് എസ്‌എഫ്‌ഐ കാണുന്നതെന്നും സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ഗൗരവത്തോടെയാണ് എസ്‌എഫ്‌ഐ കാണുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച UUC ലിസ്റ്റില് ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ അറിയിക്കുന്നതിനോ തയ്യാറാകാതിരുന്ന എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറി സ. വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കുന്നതിനായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേരളത്തിലെ കലാലയങ്ങളില്‍ അനവധി പ്രതിബന്ധങ്ങളേയും അക്രമണങ്ങളെയും അതിജീവിച്ചു വിദ്യാര്‍ത്ഥിപക്ഷ രാഷ്ട്രീയമുയര്‍ത്തി നിരന്തരമായ പോരാട്ടങ്ങള്‍ കൊണ്ടാണ് ഇന്ന് എസ്.എഫ്.ഐ കേരളത്തിലെ ഏതാണ്ട് മുഴുവന്‍ കലാലയങ്ങളിലും വിജയത്തിന്റെ വെന്നി കൊടി പാറിച്ച്‌ വിദ്യാര്‍ത്ഥി പിന്തുണയോടെ നിറഞ്ഞു നില്‍ക്കുന്നത്. അനേകം രക്തസാക്ഷിത്വങ്ങളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഏതെങ്കിലും തരം സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ഒരു തരത്തിലും അനുവദിക്കില്ല. കൂട്ടത്തില്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്‍്റെ പ്രസംഗം കൂടി ഗൗരവകരമായി കാണേണ്ടുന്നതാണ്. “ലീഗിന് ഭരണം ലഭിക്കുന്ന കാലത്ത് വിദ്യാഭ്യാസ വകുപ്പ് ലീഗിന് ആയിരിക്കുന്നത് കൊണ്ട് ചില തരികിടകള്‍ കാണിച്ച്‌ എം.എസ്.എഫിന് യൂണിവേഴ്‌സിറ്റി/കോളേജ് യൂണിയന്‍ ഭരണം പിടിക്കാറുണ്ടെന്നാണ്” പി.എം.എ സലാം പ്രസംഗിച്ചിരിക്കുന്നത്. ഭരണമുള്ള കാലത്ത് ഗുരുതരമായ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ലീഗ് നേതാവ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. കാലങ്ങളായി എസ്.എഫ്.ഐ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണമാണ് ഇപ്പോള്‍ ലീഗ് സംസ്ഥാന നേതാവ് സ്ഥിരീകരിച്ചിരിക്കുന്നത്. സംഘടനയില്‍ തെറ്റായ പ്രവണതകള്‍ക്കെതിരെ എസ്.എഫ്.ഐ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുമ്ബോഴും എസ്.എഫ്.ഐ വിരുദ്ധ വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും എം.എസ്.എഫ് – കെ.എസ്.യു നേതൃത്വത്തിനും പി.എം.എ സലാമിന്റെ തുറന്ന് പറച്ചിലിനോടുള്ള നിലപാട് ഏന്താണെന്ന് വ്യക്തമാക്കണമെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *