ആശുപത്രി വാസം കഴിഞ്ഞു… ഇനി അട്ടക്കുളങ്ങരയിൽ ഉറങ്ങാം… ഗ്രീഷ്മ ആശുപത്രി വിട്ടു1 min read

3/11/22

തിരുവനന്തപുരം :ആശുപത്രി വാസം കഴിഞ്ഞ് ഗ്രീഷ്മ ഇനി അട്ടക്കുളങ്ങര ജയിലിൽ വാസത്തിനെത്തി. ലൈസോൽ കുടിച്ച് വായയും, അന്നനാളവും പൊള്ളിപ്പോയതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി നാളെ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതായി കണ്ടതോടെയാണ് ജയിലിലേക്കു മാറ്റിയത്.

കേസില്‍ കേരള പൊലീസിന് അന്വേഷണം തുടരാം. കേസ് അന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം. തമിഴ്‌നാട്‌ പൊലീസുമായി സഹകരിച്ച്‌ അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് പോലീസ് നീക്കം.

പ്രതിയുടെ വീട് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഗ്രീഷ്മയെയും കേസിലെ കൂട്ടുപ്രതികളായ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.

അതേസമയം ഷാരോണ്‍ കൊലപാതകത്തിനായി ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ ആയുര്‍വേദ ആശുപ്പത്രിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്ന് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയത്.

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. തെളിവ് നശിപ്പിക്കാനായി നിര്‍മ്മല്‍ കുമാര്‍ കൊണ്ടുപോയ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി നിര്‍മ്മല്‍ കുമാര്‍ തന്നെയാണ് കുപ്പി ഉപേക്ഷിച്ചതെന്ന് ഡിവൈഎസ്പി ജോണ്‍സണ്‍ പറഞ്ഞു.

ഇതിനിടെ കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ഷാരോണിന്റെ അച്ഛൻ രംഗത്തെത്തി. പോലീസ് നീക്കം പ്രതിയെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

കേസിന് ആസ്പദമായ സംഭവം നടന്നത് തമിഴ്‌നാട്ടിൽ ആയതിനാൽ കേരളത്തിൽ നിന്നും കേസ് മാറ്റിയില്ലെങ്കിൽ അത് പ്രതികൾക്ക് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റാൻ പോലീസ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *