ശിവഗിരി തീര്‍ത്ഥാടനം; ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍1 min read

 

തിരുവനന്തപുരം :91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. ഡിസംബര്‍ 30,31, ജനുവരി ഒന്ന് തീയതികളില്‍ നടക്കുന്ന തീര്‍ത്ഥാടനം പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

തീര്‍ത്ഥാടനത്തിന് മുന്നോടിയായി ചെമ്പഴന്തിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും വശങ്ങളിലെ കാടുകളും യാത്രാ തടസമുണ്ടാക്കുന്ന ഉണങ്ങിയ മരങ്ങളും മറ്റും മുറിച്ചു മാറ്റുകയും ചെയ്യും. ഗതാഗത നിയന്ത്രണത്തിനും സുരക്ഷക്കും പോലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
തീര്‍ത്ഥാടന ദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത് ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. ഇലക്ട്രിക് ബസുകളും സര്‍വീസ് നടത്തും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. ഉത്സവ പ്രദേശത്തെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരികയാണ്. തീര്‍ത്ഥാടകരെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെമ്പഴന്തി എസ്.എന്‍ കോളേജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കും. തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വികസന ഫോട്ടോ പ്രദര്‍ശനം, പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണം എന്നിവയുമൊരുക്കും.

ചെമ്പഴന്തി ഗുരുകുലത്തില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അധ്യക്ഷന്‍ മേടയില്‍ വിക്രമന്‍, കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ബി.രമേശന്‍, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *