6/9/23
വിദ്യാധിരാജപുരം : സമസ്ത നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളികുന്നം ചട്ടമ്പി സ്വാമി വിശ്വതീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടന്നു വന്ന സ്വാമികളുടെ 170-ാമത് മഹാജയന്തി ആഘോഷങ്ങള്‍ക്ക് അവസാനമായി.
രാവിലെ 9 മണിയ്ക്ക് സ്വാമിയുടെ തിരുമുന്നിലെ പൂജാദി കര്‍മ്മങ്ങളോടു കൂടി
ഇന്നത്തെ പരിപാടികള്‍ക്ക് തുടക്കമായി.
9.30 ഓടുകൂടി നങ്ങാദേവി സൗഭാഗ്യ സഭയുടെ ആഭിമുഖ്യത്തില്‍ സമസ്ത നായര്‍സമാജം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സോജാബേബിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നൂറു കണിക്കിന് സ്വാമി ഭക്തര്‍ പങ്കെടുത്ത സര്‍വ്വസിദ്ധി ദശലക്ഷാര്‍ച്ചന നടന്നു. ദശലക്ഷാര്‍ച്ചന ചടങ്ങില്‍ മുന്‍ മാവേലിക്കര എം. പി. സി.എസ്സ് സുജാത പങ്കെടുത്തു.
12 മണിയ്ക്ക് ജയന്തി മഹാസമ്മേളനം ആരംഭിച്ചു.
സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സമസ്ത നായര്‍സമാജം പ്രസിഡന്റും കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡീനുമായ ഡോ.ഡി.എം.വാസുദേവന്‍ MD FRCP ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ജസ്റ്റീസ് എം ആര്‍ ഹരിഹരന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പെരുമുറ്റം രാധാകൃഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി
“ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തിയും സമാധിയും പൊതു അവധിയായി പ്രഖ്യാപിക്കണ”
മെന്ന് അദ്ദേഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
പുരോഗമന പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരോടുന്നതിനും എത്രയോ വർഷം മുമ്പ് സ്വജീവിതത്തിലൂടെ പുരോഗമനാശയങ്ങൾ നടപ്പാക്കിയ ആചാര്യനായിരുന്നു സ്വാമികൾ.
സകല ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം സ്വജീവിതത്തിലൂടെ സമൂഹത്തെ പഠിപ്പിച്ചു.
ജാതി,മത ഭേദം അദ്ദേഹത്തിന് ഇല്ലായിരുന്നു. താഴ്ന്നവരെന്നോ ഉയർന്നവരെന്നോ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കുമൊപ്പം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത സ്വാമികൾ ഏതൊരു വിപ്ലവകാരിയുടെയും ചിന്തയ്ക്ക് അപ്പുറമായിരുന്നു.
പൊതു സമൂഹത്തിന് അറിവ് നിഷേധിച്ച ആക്കാലത്തെ ബ്രാഹ്മണന്റെ സർവ്വാധികാര മേധാവിത്വത്തെ, ആശയപരമായി നേരിട്ടെതിർക്കുവാൻ ചട്ടമ്പിസ്വാമികൾ കാട്ടിയ ധൈര്യമാണ് കേരളത്തിൽ പുരോഗമന ചിന്തയുടെ വിത്തുപാകിയത്. അദ്ദേഹത്തിന്റെ വേദാധികാര നിരൂപണം എന്ന ഗ്രന്ഥം അറിവ് (വേദ പഠനം) എല്ലാവർക്കും സ്വായത്തമാക്കാനുള്ള അവകാശത്തെ സ്ഥാപിച്ചെടുത്തു. സ്വാമികളുടെ വേദാധികാര നിരുപണം പ്രാചീനമലയാളം തുടങ്ങിയ ഗ്രന്ഥങ്ങളാണ് കേരള നവോത്ഥാനത്തിന്റെ ആശയ അടിത്തറയായത്.
മലബാറിൽ ഞാനൊരു അത്ഭുത മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ രേഖപ്പെടുത്തിയത് ചട്ടമ്പിസ്വാമികളെപ്പറ്റിയാണ്.
വ്യാസഭഗവാനും ശങ്കരാചാര്യരും ചേർന്നാൽ നമ്മുടെ സ്വാമിയായി എന്നാണ് ചട്ടമ്പിസ്വാമികളെ ശ്രീ നാരായണ ഗുരുദേവൻ വിശേഷിപ്പിച്ചത്. ശ്രീനാരായണഗുരുവിനും ഗുരുവായ്ഭവിച്ച പുണ്യം തികഞ്ഞ ദിവ്യഗാത്രം എന്ന് പ്രസിദ്ധ കവി മൂലൂർ എസ് പത്മനാഭ പണിക്കർ പ്രകീർത്തിച്ചു. ശാർദ്ദൂല ഭുജംഗാദി ഹിംസ്രജന്തുക്കൾ പോലും സ്വാമികളുടെ മുന്നിൽ ചെന്നാൽ ശിഷ്യരെപ്പോലെ ഒതുങ്ങി നിൽക്കുമെന്നാണ് മഹാകവി വള്ളത്തോൾ സാക്ഷ്യപ്പെടുത്തിയത്.
ലോകാരാദ്ധ്യരായ മഹത്തുക്കൾ ആദരം ചൊരിഞ്ഞ മഹാഗുരു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ തിരിച്ചറിയുവാനും ആദരിക്കുവാനും കേരള സർക്കാർ ഇനിയെങ്കിലും തയ്യാറാവണമെന്ന് പെരുമുറ്റം രാധാകൃഷ്ണൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവന്തപുരം ചട്ടമ്പിസ്വാമി ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ രാമന്‍ നായര്‍ ജയന്തി സന്ദേശം നല്കുകയുണ്ടായി. തമിഴകത്തെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും GNSS-T വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.ആര്‍ പണിയ്ക്കര്‍ ജീവകാരുണ്യ നിധിയുടെ വിതരണവും വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡുകളുടെ വിതരണവും നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഇന്ദു കൃഷ്ണന്‍, തൃദീപ് കുമാര്‍, GNSS സെക്രട്ടറി വി എസ്സ് സുഭാഷ്, പ്രമുഖ തിരക്കഥാ രചയിതാവ് ഡോ. പ്രവീണ്‍ ഇറവങ്കര, കോയമ്പത്തൂര്‍ നായര്‍ സമാജം പ്രസിഡന്റ് കേശവന്‍ നായര്‍, വള്ളികുന്നം ജയമോഹന്‍ തുടങ്ങിയ
ജനപ്രതിനിധികളും കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും
ആശംസകള്‍ അര്‍പ്പിച്ചു. എസ്.എൻ.എസ് ട്രഷറർ പി.ചന്ദ്രശേഖരൻ നായർ കൃതഞ്ജത പറഞ്ഞു.
സമ്മേളനാനന്തരം സമസ്തനായര്‍ വനിതാ സമാജം, ബാല സമാജം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ഈ വര്‍ഷത്തെ ജയന്തി ആഘോഷങ്ങള്‍ അവസാനിച്ചു.