തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി സ്ത്രീകൾ മുഖ്യ പൗരോഹിത്യം വഹിക്കുന്ന മഹായാഗം ഒരുങ്ങുന്നു.
സ്ത്രീ ശാക്തീകരണത്തിനു വേണ്ടി മേയ് 9 മുതൽ 12 വരെ തിരുവനന്തപുരം പഴഞ്ചിറ ദേവീ ക്ഷേത്രത്തിലാണ് മഹായാഗം. ശ്രീമാതരം, ഗായത്രീ ഗുരുകുലം, ശ്രീകുലം എന്നീ ഗുരുകുലങ്ങളുടെ നേതൃത്വത്തിലും ക്ഷേത്ര ഭരണ സമിതിയുടെ പിന്തുണയോടും കൂടി ഒരുക്കുന്ന ശ്രീലളിതാ മഹായാഗത്തിന്റെ മുന്നോടിയായുള്ള യാഗവിളംബരം ജനുവരി 26 ഞായറാഴ്ച വൈകിട്ട് 5.30 ന് ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും.
മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ കക്കാട്ട് എഴുന്തോലിൽ മഠം സതീശൻ ഭട്ടതിരി അധ്യക്ഷനായിരിക്കും. ആത്മീയതയിലെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി പ്രഭാഷണം നടത്തും. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ,സ്വാമി അച്യുതഭാരതി തൃപ്പാദങ്ങൾ എന്നിവർ യാഗവിളംബരം നടത്തും. ആചാര്യ അരുൺ പ്രഭാകരൻ യാഗപരിചയവും സുജാ മോഹൻ ഗുരുകുല പരിചയവും നടത്തും.ശ്രീവരാഹം ചന്ദ്രശേഖരൻ നായർ, തന്ത്രി അനന്തേശ്വര ഭട്ട്, സ്വാമി ബോധി തീർത്ഥ, കൗൺസിലർ
വി. എസ് സുലോചനൻ, സീതാ യോഗിത, ജി. ആർ ശ്രീകല തുടങ്ങിയവർ സംസാരിക്കും.