കായിക കേരളത്തിന്‌ അപമാനം, ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ടൻ തടഞ്ഞ് ശ്രീനിജൻ എം. എൽ. എ, കുട്ടികളെ പൊരി വെയിൽ നിർത്തി,വാടക നൽകിയില്ലെന്ന എം എൽ എ യുടെ വാദം സംസ്ഥാന സ്പോർട്സ് കൗൺസിൽ തള്ളി, കായിക മന്ത്രി ഇടപെട്ട് ഗേറ്റ് തുറന്നു1 min read

22/5/23

കൊച്ചി :കായിക കേരളത്തിന്‌ അപമാനമായി ശ്രീനിജൻ എം എൽ എ യുടെ പ്രവർത്തി. രാവിലെ കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 വിഭാഗത്തിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാനെത്തിയ കുട്ടികളെയും ഗേറ്റ് പൂട്ടി വെളിയിൽ നിർത്തുകയും, ട്രയല്‍ തടഞ്ഞ്    കുട്ടികളെ പൊരിവെയിലിൽ നിർത്തുകയും ചെയ്തു.

പനമ്പള്ളി നഗറിലെ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷൻ കൂടിയായ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം നാല് മണിക്കൂര്‍ പൂട്ടിയിട്ടു. ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നായി എത്തിയ നൂറുക്കണക്കിന് കുട്ടികളാണ് റോഡരികില്‍ കാത്ത് നിന്നത്. സംഭവം വാര്‍ത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് കൊടുത്തത്. എട്ട് മാസമായി ബ്ലാസ്റ്റേഴ്സ് മുടക്കിയ ലക്ഷങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാതെ സ്റ്റേഡിയം തുറന്ന് കൊടുക്കില്ലെന്ന നിലപാടിലായിരുന്നു എംഎല്‍എ.

ഏഴ് മണിക്ക് തുടങ്ങുന്ന സെലക്ഷൻ ട്രയലിനായി പുലര്‍ച്ചെ മുതല്‍ വിവിധ ജില്ലകളില്‍ നിന്ന് കുട്ടികളും അച്ഛനമ്മമാരും പനമ്ബിള്ളി നഗര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഗേറ്റ് തുറക്കേണ്ടതില്ലെന്നാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷൻ കൂടിയായ എംഎല്‍എയുടെ നിര്‍ദ്ദേശമെന്ന് പറ‍ഞ്ഞ് സെക്യൂരിറ്റി ഗേറ്റ് തുറന്നില്ല.

മാധ്യമങ്ങളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദ തന്ത്രം വില പോകില്ലെന്നും എട്ട് മാസമായി ബ്ലാസ്റ്റേഴ്സ് മുടക്കിയ ലക്ഷങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാതെ സ്റ്റേഡിയം തുറന്ന് കൊടുക്കില്ലെന്നുമാണ് പി വി ശ്രീനിജൻ എംഎല്‍എ പറയുന്നത്. സെലക്ഷൻ ട്രയല്‍ വിവരം ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നില്ലെന്നും ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷൻ വിശദീകരിക്കുന്നു. മാധ്യമങ്ങള്‍ സംഭവം ചര്‍ച്ചയാക്കിയതോടെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ജില്ല കൗണ്‍സിലുമായി തര്‍ക്കം തെളിഞ്ഞു. ശ്രീനിജിന്റെ നടപടി മോശമായി പോയെന്നും ബ്ലാസ്റ്റേഴ്സ് കുടിശിക നല്‍കാനില്ലെന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷൻ യു ഷറഫലി വ്യക്തമാക്കി. ഇതിന് പിന്നാലെ പൂട്ട് തുറക്കാൻ കായികവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു. പിന്നാലെ ഗേറ്റ് തുറക്കാൻ നിര്‍ദ്ദേശമെത്തി. വിദ്യാര്‍ത്ഥികള്‍ അകത്ത് കയറി സെലക്ഷൻ ട്രയല്‍ തുടങ്ങി.

 

 

Leave a Reply

Your email address will not be published. Required fields are marked *