21/4/23
ഡൽഹി :രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുപ്പത് ദിവസം മുൻപ്നോട്ടീസ് പതിച്ച് കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി.
പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പങ്കാളികള്‍ക്കെതിരെ അക്രമത്തിന് ഇടയാക്കാവുന്ന പുരുഷാധിപത്യ വ്യവസ്ഥയാണിതെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പ്രത്യേക വിവാഹ നിയമപ്രകാരം സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുക നല്കുന്നതിനുള്ള വാദത്തിനിടെയാണ് മുന്‍കൂര്‍ നോട്ടീസ് പതിക്കുന്ന വിഷയം ഉയര്‍ന്നു വന്നത്.
രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് നിലവില്‍ 30 ദിവസം മുമ്ബ് പരസ്യ നോട്ടീസ് പതിച്ച് പങ്കാളികള്‍ കാത്തിരിക്കണമെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് ചൂണ്ടിക്കാട്ടി. സ്വകാര്യത ഉള്‍പ്പടെയുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് അഭിഭാഷകന്‍ രാജു രാമചന്ദ്രനും പറഞ്ഞു. ഈ നിരീക്ഷണത്തോട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് യോജിക്കുകയായിരുന്നു. വിവാഹം വിളിച്ചറിയിക്കാനുള്ള ഈ വ്യവസ്ഥ പലപ്പോഴും അക്രമങ്ങള്‍ക്ക് ഇടയാക്കുന്നു. പങ്കാളികളില്‍ ഒരാള്‍ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നാണെങ്കില്‍ കടുത്ത പീഡനമേല്ക്കാന്‍ ഇങ്ങനെ വിവരം വെളിപ്പെടുത്തുന്നത് ഇടയാക്കും.
പുരുഷാധിപത്യ മനോഭാവത്തില്‍ നിന്നാണ് ഈ നോട്ടീസ് പതിക്കുന്ന വ്യവസ്ഥ വന്നതെന്ന് ജസ്റ്റിസ് ഹിമ കോലിയും നിലപാടെടുത്തു. പ്രത്യേക വിവാഹ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുന്ന കാര്യം ഭരണഘടന ബഞ്ച് പരിഗണിക്കും. സ്വവര്‍ഗ്ഗം പങ്കാളികള്‍ക്കിടയില്‍ ശാരീരികം മാത്രമല്ല വൈകാരിക ബന്ധവും സാധ്യമാണെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്കും നീണ്ടു നില്ക്കുന്ന ദാമ്പത്യം സാധ്യമാണ്. പ്രത്യുത്പാദനം നടക്കില്ല എന്നത് ഇത്തരം വിവാഹങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കാരണമാക്കുന്നത് ബാലിശമാണെന്ന് അഡ്വ കെ വി വിശ്വനാഥന്‍ വാദിച്ചു. അയോധ്യ കേസില്‍ നടന്നതു പോലെ അടുത്തയാഴ്ച മറ്റെല്ലാം മാറ്റി തുടര്‍ച്ചയായി ഈ കേസില്‍ മാത്രം വാദം തുടരാനാണ് ചീഫ് ജസ്റ്റിസിന്‍റെ തീരുമാനം.