തിരുവനന്തപുരം :ആതുരസേവനരംഗത്ത് ചികിത്സാലയങ്ങള്‍ പുലര്‍ത്തേണ്ടുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമോദാഹരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടയാളവുമാണ് ദിവ്യപ്രഭ കണ്ണാശുപത്രിയെന്ന് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ദിവ്യപ്രഭയുടെ പുതിയ ബ്ലോക്കില്‍ ഒപ്ടിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് തുടക്കമായ ‘ നിത്യപ്രകാശം’ ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. അശരണരും ആലംബഹീനരുമായവരുടെ ആരോഗ്യസംരക്ഷണം സാധ്യമാക്കുക എന്നത് വലിയ മാനുഷിക പരിഗണനയുടെ ഭാഗമാണ്. നേത്രചികിത്സ രംഗത്ത് സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നതും ലാഭവിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നതും അഭിനന്ദനാര്‍ഹമാണെന്ന് സ്വാമി പറഞ്ഞു.
രാവിലെ 10 ന് തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ സ്ഥാപക ഡയറക്ടറും ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ ചെയര്‍മാനുമായ ഡോ. സുശീല പ്രഭാകരന്‍ ‘എ’ ബ്ലോക്കിന് തിരി തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഒപ്റ്റിക്കല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം സീറോ മലങ്കര സഭ തിരുവനന്തപുരം ഓക്സിലറി ബിഷപ്പ് റവ.ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസും പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവിയും നിര്‍വഹിച്ചു. ദിവ്യപ്രഭ മാനേജിംഗ് ഡയറക്ടര്‍ ഡോ. ദേവിന്‍ പ്രഭാകര്‍, ഡോ. കവിത ദേവിന്‍, സ്വസ്തി ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, മുന്‍ ഐ.ജി. ഗോപിനാഥ് ഐ.പി.എസ്, ശാന്തിനികേതന്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ.നിര്‍മ്മല, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വൈസ് ചെയര്‍മാന്‍ ഡോ.ദേവി മോഹന്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.ചന്ദ്രമോഹന്‍, തിരുവനന്തപുരം ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ അരുണ്‍കുമാര്‍. വി.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ഹോസ്പിറ്റല്‍ ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.