തിരുവനന്തപുരം :സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും. കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ ടി കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കന്‍ ടെക്നോപാര്‍ക്കിന് കഴിയും. അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐടി കേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ഇത് കാരണമാകും.
ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബ്രിഗേഡ് സ്ക്വയര്‍ ടെക്നോപാര്‍ക്ക് ഫേസ്-1ല്‍ പൂര്‍ത്തിയാവുകയാണ്. പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടും.