8/9/22
പണ്ടുകാലത്തെ ഓണവും ഇപ്പോഴത്തെ ഓണവും വിഭാവനകളിലൂടെ.
ഓരോ മലയാളിയുടെയും മനസ്സിലുണ്ടാകും ഓർമ്മയിലെ ഒരോണം. ഓരോ വ്യക്തിയുടെയും അനുഭവതാളങ്ങളിലൂടെയായിരിക്കും ഓരോ ആഘോഷവും കടന്നു പോകുന്നത്. അത് പങ്കുവെക്കുന്നതിലുമുണ്ട് വൈവിധ്യം. തുലാവര്ഷവും പഞ്ഞകർക്കിടവും കടന്നു ചിങ്ങമാസപ്പുലരി പിറന്നിരിക്കയാണ്. അതുവരെ മൂടികെട്ടിയിരിക്കുന്ന മാനം കറുത്ത പുകയെല്ലാമകറ്റി നീല വിരിച്ചു തെളിഞ്ഞു നിൽക്കുന്നു. വീട്ടിൽ വീണ്ടും മലയാളി മനസ്സിൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും പുഞ്ചിരി വിടർത്തികൊണ്ടു ഒരോണക്കാലം കൂടി വന്നെത്തിയിരിക്കയാണ്. ഈതിരുവോണനാളിൽ മറക്കാനാവാത്ത ഓണ നാളുകളുടെ ഓർമ്മകളുമായി മറുനാടൻ മലയാളികളുടെ മനസ്സ് സഞ്ചരിക്കുന്നുണ്ടാകും. കേരളത്തിലൂടെ :
ഓണത്തിന് പിന്നിൽ ഒന്നിലധികം ഐതിഹ്യങ്ങളുണ്ട്, ചരിത്രങ്ങളുണ്ട്. എന്നാൽ മലയാളി മനസ്സിലെ ഓണമെന്നു പറയുന്നത് പണ്ട് കേരളം വാണിരുന്ന മഹാബലി ചക്രവർത്തിയുടെ കഥയുമായി ബന്ധപെട്ടു കിടക്കുന്നതാണ്. കെട്ടുകഥകളിൽ കണ്ണുമടച്ചു അത്രയങ് വിശ്വസിക്കാൻ മടികാട്ടുന്നവരാണ് മലയാളികൾ. എന്തെങ്കിലും കേട്ടപാടെ അതിനു പിറകെ വിറളി പിടിച്ചു നമ്മൾ പോകാറില്ല. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും കേട്ടറിവിനെ നേരിന്റെ നൂൽപ്പാലത്തിലൂടെ നടത്തി സമഗ്രമായി അപഗ്രഥനം ചെയ്തേ നമ്മൾ ഉൾക്കൊള്ളാറുള്ളൂ. കള്ളവും ചതിയും പൊളിവചനങ്ങളും എള്ളോളമില്ലാതിരുന്ന കാലം അന്ന് കേരള നാട് സ്നേഹത്തിന്റെയും ശാന്തിയുടെയും ഐശ്വര്യത്തിന്റെയും വിളനിലമായിരിന്നു. പിന്നീട് വാമനന് വേണ്ടി മൂന്നടി ഭൂമി ദാനം ചെയ്ത കൂട്ടത്തിൽ സ്വന്തം ഇടം കൂടി നഷ്ടപ്പെടുത്തി സുതലവാസം സ്വീകരിച്ച മാവേലിയെ സ്തുതിച്ചു കൊണ്ട് ഓണ മെന്ന ആഘോഷത്തെ വരവേറ്റും അങ്ങനെ ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തുനാളായ തിരുവോണ നാളിൽ മഹാബലി ചക്രവർത്തി നമ്മെ കാണാനെത്തുമെന്നും അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് ഓണം കൊണ്ടാടിയ മാനവർക്കു ഐശ്വര്യവും അനുഗ്രഹാശിസ്സുകളും നൽകി മടങ്ങുമെന്നാണ് ഓണക്കാലത്തെകുറിച്ചുള്ള മലയാളിയുടെ വിശ്വാസം. അന്ന് തൊട്ടു നെഞ്ചിലേറ്റി തലമുറകളിലൂടെ കൈമാറി വന്നിരുന്ന കേരളീയരുടെ ഈ ദേശീയാഘോഷത്തെ മറക്കാൻ ഏതു കേരളീയനാണ് കഴിയുക. ഓണക്കളാഘോഷങ്ങളുടെ ഭാഗമായി അതിരാവിലെ മുതൽ പൂവേ പൊലി പൂവേ….. എന്നാർത്തു വിളിച്ചു കൊണ്ട് തൊടികൾ തോറും പൂവിറുത്തു നടന്നഒരു കാലം. മലയാളികളുടെ ഓർമ്മകളിൽ ഇന്നും ഉണ്ടാകും എന്നകാര്യം നിസ്തർക്കമാണ്. തുമ്പയും, മുക്കുറ്റിയും,, കാക്കപ്പൂവുമെല്ലാം ഇരുന്നു മെഴുകിയ മുറ്റത്തു പൂക്കളമൊരുക്കിയിരുന്ന മലയാളി ഓണക്കാലത്തുഎല്ലാ മലയാളിയും കാണം വിറ്റു ഓണം ഉണ്ണണം എന്നൊരു ചൊല്ല് കൂടി പ്രചാരത്തിലുണ്ട്. കോടി വസ്ത്രങ്ങൾ അണിഞ്ഞു കുടുംബാംഗങ്ങൾ ഓണമുണ്ടിരുന്ന ഒരു കാലം. തൂശനിലയിൽ തുമ്പപ്പൂചോറും, പലതരം പച്ചക്കറികളും, പാലട പ്രഥമനും, ശർക്കര വരട്ടിയുംഎല്ലാം ചേർന്നുള്ള ഒരോണസദ്യ. അത് കഴിഞ്ഞാൽ വിവിധയിനം ഓണക്കളികളായി. അങ്ങനെ ഓണക്കാലത്തെക്കുറിച്ചു പങ്കു വെക്കാൻ ഓരോ മലയാളിക്കും എത്ര എത്ര ഓര്മകളാണുള്ളത്. ഓണനാളുകൾ പൊതുവെ മാനവർക്കു ആഹ്ലാദമാണ് വിതയ്ക്കുന്നതെങ്കിലും ആ ആഹ്ലാദമുത്തുകളെ കൊയ്യാനുള്ള ഭാഗ്യം ഇല്ലാതെപോകുന്നവരാണധികവും. സമൃദ്ധിയുടെ പൂക്കാലമായിരുന്നഓരോന്നും ഇന്നു വെറും ഓർമ്മകളായിമാത്രം അവശേഷിക്കുകയാണ്. എന്തൊക്കെയായാലും പണ്ട് ത്യാഗത്തിന്റെയും, നിച്ഛയദാർഢ്യത്തിന്റെയും, സത്യത്തിന്റെയും ഉദാത്തമായ തത്വങ്ങൾ ഉദ്‌ഘോഷിച്ചിരുന്ന മഹാബലി ഭരിച്ചിരുന്ന നാടല്ല ഇന്നുള്ളത്. ജാതിമത ഭേദമെന്യേ എല്ലാപേരും കൊണ്ടാടുന്ന ഒരാഘോഷമാണ് ഓണം. ഇവിടെ ഹിന്ദുവില്ല, മുസ്ലീമില്ല, ക്രിസ്ത്യാനിയുമില്ല. മാനവികതയുടെ ഏകത്വം നാമിവിടെ കാണുന്നു. ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും മത സൗഹാര്ദത്തിന്റെയും പ്രതീകമാണ് ഓണാഘോഷം.
ഒരേ ഒരുവാമനക്ഷേത്രം : *********************** ചരിത്രവുംഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന എറണാകുളം ജില്ലയിലാണ് തൃക്കാക്കര വാമന ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വാമന പ്രതിഷ്ഠ നടത്തിയത് കപില മഹർഷി യാണെന്നും, അല്ലാ പരശുരാമനാണെന്നും തീർഥകുളത്തിനു കപില മഹര്ഷിയുമായി ബന്ധമുണ്ടെന്നും ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരെല്ലാരും ഒന്നുപോലെ ജീവിക്കികയെന്നത് ഒരു സ്വപ്നമാണ്. അത് എല്ലാ സമൂഹത്തിന്റെയും ഒരു സ്വപ്നമാണ്. അങ്ങനെ വരുന്ന ഒരുഭാവിയെ പിടിച്ചു ഭൂതമാക്കി. വർത്തമാനകാലത്തിൽ അതിനു സാധ്യതയില്ലാത്തതുകൊണ്ടു ആണ് ഭൂതകാലമാക്കിയത്. അതാണ് ശരിക്കും പറഞ്ഞാൽ ഓണം. എത്ര ഉദാത്തമായ സംഗൽപത്തിന്റെ ഓർമകളാണ് ഓരോ ഓണക്കാലത്തും മലയാളി നെഞ്ചേറ്റിആഘോഷിക്കുന്നതു. ഓണം കൂട്ടായ്മയുടെ ആഘോഷമാണ്.അസ്വമത്വതിൻന്റെയും യുഗത്തിൽ സമത്വത്തെ കുറിച്ചുള്ള മോഹവും അസത്യങ്ങളുടെ കാലത്തു സത്യത്തിനു വേണ്ടിയുള്ള കൊതിയുമായിരുന്നുനമുക്കോണം. ഐതീഹ്യവുമായി ബന്ധപ്പെട്ടു മാവേലി തമ്പുരാൻ നാടിന്റെ സമൃദ്ധിക്ക് പ്രജകളുടെ സന്തോഷവും കണ്ടു കണ്കുളിര്ത്തു മടങ്ങുമ്പോൾ കള്ളവും കപടവുമില്ലാത്ത പോയകാലത്തിന്റെ സ്‌മൃതികളുമായി ഇനിയുള്ള വർഷങ്ങളിലും ചിങ്ങമാസത്തിലെ തിരുവോണനാളിൽ കേരളം കാത്തു നിൽക്കും മാവേലി മന്നന്റെ അനിതര സാന്നിധ്യം….=
കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ