ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണ സദ്യ ഒരുക്കിയിട്ടുണ്ട് എന്നാണ് അറിയിപ്പിൽ പറയുന്നത്
തിരുവോണ നാളിലും ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഓണനാളുകളിലെ പൂജകൾക്കായി തുറന്ന ശബരിമലയിൽ ഇന്ന് തിരുവോണ സദ്യ നടക്കും. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിനത്തിലെ സദ്യ ഒരുക്കിയിരിക്കുന്നത്. പതിവ് പൂജകൾക്ക് ശേഷമാണ് തിരുവോണ സദ്യ നടക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുന്നതാണ്. തുടർന്ന് നിർമ്മാല്യത്തിനും അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിഹോമം നടക്കും.
നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷപൂജ എന്നിവയ്ക്ക് ശേഷമാണ് തിരുവോണ സദ്യ. ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണ സദ്യ ഒരുക്കിയിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിൽ ഉത്രാട സദ്യ നടന്നിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ വകയായാണ് ഉത്രാട സദ്യ ഒരുക്കിയത്. ദേവസ്വം മെസിൽ നടന്ന സദ്യയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. അവിട്ടം ദിനമായ നാളെ സന്നിധാനം പോലീസ് ഉദ്യോഗസ്ഥരുടെ വകയായും, ചതയ ദിനത്തിൽ മാളികപ്പുറം മേൽശാന്തിയുടെ വകയായും സദ്യ ഉണ്ടായിരിക്കുന്നതാണ്. ഓണനാളുകളിലെ പൂജകൾ പൂർത്തിയാക്കി 31-ന് രാത്രിയാണ് നട അടയ്ക്കുക.