കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിലായി1 min read

കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്

കുന്നംകുളം: ബെംഗളൂരുവിൽ നിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പൊലീസ് പിടിയിലായി. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയർ ഏജൻസിയിൽ വന്നപ്പോഴാണ് അറസ്റ്റിലായത്. വൈശാഖിനെ തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയിരിക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയച്ചത്. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു കഞ്ചാവ് കടത്ത് നടത്തിയിരിക്കുന്നത്. വൈശാഖിന് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാൾ മുമ്പ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടർന്ന്, പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്.

ഈ സാഹചര്യത്തിലാണ് കൊറിയർ ഏജൻസിയിൽ നിന്ന് വൈശാഖ് പാക്കറ്റ് വാങ്ങുന്നത് പൊലീസ് മനസിലാക്കിയത്. പാക്കറ്റ് തുറന്നപ്പോൾ കണ്ടത് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *