വംശീയ വിവേചനത്തെ തുടര്‍ന്ന് യു.എസ് സൈനികന്‍ അഭയം തേടിയെന്ന് ഉത്തര കൊറിയ1 min read

പ്യോഗ്യാംഗ് :  യു.എസ് സൈനികൻ കഴിഞ്ഞ മാസം  തങ്ങളുടെ അതിര്‍ത്തി കടന്ന് പ്രവേശിച്ച സംഭവത്തില്‍ അമേരിക്കൻ സൈന്യത്തെ കുറ്റപ്പെടുത്തി ഉത്തര കൊറിയ.

ട്രാവിസ് കിംഗ് ( 23 ) എന്ന സൈനികൻ  യു.എസ് സൈന്യത്തിലെ മനുഷ്യത്വരഹിതമായ ഉപദ്രവങ്ങളും വംശീയ വിവേചനവും സഹിക്കാനാകാതെയാണ്  തങ്ങളുടെ അതിര്‍ത്തി കടന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു. ജൂലായ് 18നാണ് ദക്ഷിണ കൊറിയയ്ക്കും ഉത്തര കൊറിയയ്ക്കും ഇടയിലെ ജോയിന്റ് സെക്യൂരിറ്റി ഏരിയ ( ജെ.എസ്.എ ) അതിര്‍ത്തി പ്രദേശം കാണാനെത്തിയ ട്രാവിസ് അതിര്‍ത്തികടന്ന് ഉത്തര കൊറിയയിലേക്ക് പ്രവേശിച്ചത്. അനധികൃതമായി അതിര്‍ത്തി കടന്നെന്ന് സമ്മതിച്ച ട്രാവിസ് രാജ്യത്ത് അഭയം തേടിയെന്നും ഉത്തര കൊറിയൻ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും  പുറത്തുവിട്ടില്ല. ട്രാവിസിന്റെ ആരോഗ്യസ്ഥിതിയെ പറ്റിയോ അദ്ദേഹത്തിന് ഉത്തര കൊറിയ അഭയം നല്‍കാൻ തീരുമാനിച്ചോ എന്നത് സംബന്ധിച്ചോ വ്യക്തമല്ല.

ട്രാവിസിന്റെ മോചനത്തിനായി യു.എൻ കമാൻഡിന്റെ സഹായത്തോടെ യു.എസ് ശ്രമം തുടരുന്നുണ്ടെങ്കിലും ഉത്തര കൊറിയ ഇതുവരെ അനുകൂല പ്രതികരണം നടത്തിയിട്ടില്ല എന്നതാണ് സ്ഥിരീകരിക്കാത്ത വസ്തുത . 2021 ജനുവരി മുതല്‍ യു.എസ് സൈന്യത്തിന്റെ ഭാഗമായ ട്രാവിസിനെ ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരിക്കുകയായിരുന്നു. ആക്രമണ കുറ്റത്തിന് രണ്ട് മാസം ദക്ഷിണ കൊറിയൻ ജയിലില്‍ കഴിഞ്ഞ ട്രാവിസിനെ ജൂലായ് 10ന് മോചിപ്പിച്ചിരുന്നു.

അച്ചടക്ക ലംഘന പശ്ചാത്തലത്തില്‍ ഇയാളെ യു.എസിലേക്ക് തിരികെ വിളിച്ചു. എന്നാല്‍, വിമാനത്താവളത്തില്‍ നിന്ന് കടന്ന ഇയാള്‍ അതിര്‍ത്തി സന്ദര്‍ശനത്തിന് പോയ ഒരു സംഘത്തോടൊപ്പം ചേരുകയും ബോധപൂര്‍വം ഉത്തര കൊറിയയിലേക്ക് കടക്കുകയുമായിരുന്നു. ട്രാവിസ് വംശീയ വിവേചനം നേരിട്ടതായും ദക്ഷിണ കൊറിയൻ ജയിലില്‍ വച്ച്‌ മാനസിക നില വഷളായെന്നുള്ളതുമാണ്  അദ്ദേഹത്തിന്റെ കുടുംബവും ആരോപിക്കുന്ന പ്രധാന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *