എല്‍ ഡി ക്ലര്‍ക്കായി അമ്മ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അതേ ഓഫീസില്‍ തന്നെ മകള്‍ക്കും ജോലിയില്‍ തുടക്കം. കായംകുളം പുള്ളിക്കണക്ക് കുമാരഭവനത്തില്‍ ബിന്ദുവിന്റെയും കേരള ബാങ്ക് ചൂനാട് ശാഖയിലെ ജീവനക്കാരൻ ബാബുവിന്റെയും മകള്‍ വൃന്ദ ബാബുവിനാണ് മാതാവ് ജോലിയില്‍ പ്രവേശിച്ച മാന്നാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തന്നെ ഔദ്യോഗിക ജീവിതം തുടങ്ങാനുള്ള ഭാഗ്യം ഉണ്ടായിരിക്കുന്നത്.
2013 മാര്‍ച്ചിലാണ് റാങ്ക് ലിസ്റ്റില്‍ 80-ാറാങ്കുകാരിയായി ബിന്ദു മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. 2017 വരെ ഇവിടെ തുടര്‍ന്നു. ഇപ്പോള്‍ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ യു.ഡി ക്ലര്‍ക്കാണ്. മകള്‍ വൃന്ദയും അമ്മയുടെ വഴിയേ പി.എസ്.സി പരീക്ഷ എഴുതിയാണ് എല്‍.ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ചിങ്ങം ഒന്നിനാണ് മാതാവ് ബിന്ദുവിനൊപ്പമെത്തിയാണ് വൃന്ദ മാന്നാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. അമ്മയുടെ സഹപ്രവര്‍ത്തകരായിരുന്ന അസി.സെക്രട്ടറി ഹരികുമാര്‍, സൂപ്രണ്ട് സുജാ ബായ് എന്നിവര്‍ ഇപ്പോഴും മാന്നാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. ബിന്ദു ജോലിയില്‍ പ്രവേശിക്കുമ്പോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വത്സല ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റായിരുന്ന അജിത് പഴവൂര്‍ എന്നിവര്‍ ഇപ്പോള്‍ ഗ്രാമപഞ്ചായത്തംഗങ്ങളാണ്.