തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം :തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തിയായ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന ക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ 62 ലകം പേർക്കാണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 59,000 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് വേണ്ടി ചെലവായ തുകയുടെ 25 % സംസ്ഥാന സർക്കാർ വിഹിതമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളേക്കാൾ മികച്ച രീതിയിലുള്ള ചികിത്‌സാ സൗകര്യങ്ങൾ സൗജന്യമായി ലഭിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളാണ് സർക്കാർ മേഖലയിലുള്ളത്. തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയടക്കമുള്ള സൗകര്യങ്ങളേർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നവകേരള സദസിൽ പൊതുവിതരണ വകുപ്പിന് ലഭിച്ച പരാതികൾ പരിഗണിച്ച് കഴിഞ്ഞ ഒരാഴ്ച മാത്രം 46,000 ലധികം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. നവകേരള സദസിൽ ലഭിച്ച അർഹതയുള്ള മുഴുവൻ അപേക്ഷകൾക്കും പരിഹാരമുണ്ടാകും. ഓരോ വകുപ്പുകളും തങ്ങൾക്ക് ലഭിച്ച പരാതികളിൽ എന്ത് നടപടിയെടുത്തുവെന്ന് സർക്കാർ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

സി.ദിവാകരൻ എം.എൽ എയുടെ കാലത്താണ് തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചത്. ആധുനിക രീതിയിലുള്ള ലബോറട്ടറി, നേത്ര പരിശോധന മുറി, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് മുറി എന്നിവയുൾപ്പെടെയാണ് കെട്ടിടം നിർമ്മിച്ചത്. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിആർ അനിൽ അധ്യക്ഷനായ ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഹരിപ്രസാദ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിതകുമാരി , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *