കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്, മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം :ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങൾക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. കേരളമൊട്ടാകെ സീ ഫുഡ് റസ്റ്റോറന്റുകൾ തുടങ്ങുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തിൽ പ്രധാന ടൗൺഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വിഴിഞ്ഞത്ത് സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവിഭവങ്ങളും നല്ല ഭക്ഷണവും ലഭ്യമാക്കുകയാണ് സീ ഫുഡ് റസ്റ്റോറന്റുകൾ ലക്ഷ്യമാക്കുന്നത്. 1.5 കോടി രൂപ മുതൽ മുടക്കിൽ 367 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തിലാണ് ”കേരള സീ ഫുഡ് കഫേ” പ്രവർത്തിക്കുന്നത്. ഒരേ സമയം 60 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് മത്സ്യവിഭവങ്ങൾക്ക് പുറമെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട മത്സ്യ വിഭവങ്ങൾ തയാറാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഷെഫുകളുടെ സേവനവും ലഭ്യമാണ്.

ഓഖി ദുരിത ബാധിതരുടെ ആശ്രിതരായ വനിതകൾക്ക് കേരള സീ ഫുഡ് കഫേയിൽ തൊഴിൽ നൽകിയിട്ടുണ്ട്.

മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട ലീല കൃഷ്ണന്റെ ആശ്രിതർക്ക് മത്സ്യതൊഴിലാളി അപകട ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രി കൈമാറി.

മത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെങ്ങനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ.പി. സഹദേവൻ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടർ പി.ഐ ഷേക് പരീത്, മത്സ്യഫെഡ് ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *