സാധാരണക്കാര്‍ക്ക് ആശ്വാസമായി പച്ചക്കറി വില കുത്തനെ താഴേക്ക്. കുതിച്ചുയര്‍ന്ന തക്കാളിയുടെ വില തന്നെ വളരെയധികം കുറഞ്ഞിട്ടുണ്ട്.
ഒരു കിലോ തക്കാളിയുടെ വില 12 രൂപയാണ്. ഇഞ്ചിയും വെളുത്തുള്ളിയുമാണ് വിലയില്‍ മുന്നില്‍. ഒരു കിലോ ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും 160 രൂപ വീതമാണ് വിലയുള്ളത്.
ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിച്ചതാണ് നിലവിലെ വിലക്കുറവിന് കാരണം.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതില്‍ ഉയരാൻ കാരണമായത്. നേരത്തെ തക്കാളിയുടെ വില കിലോയ്ക്ക് 180 രൂപവരെ എത്തിയിരുന്നു.
എന്നാല്‍ ഡിമാൻഡനുസരിച്ച് ഇഞ്ചി ലഭിക്കുന്നില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 95 ശതമാനം ഇഞ്ചിയും വിളവെടുത്തിരുന്നു. ഈ വര്‍ഷം നട്ട ഇഞ്ചി വിളവെടുപ്പിന് പാകമാകുന്നത് ഡിസംബറിലായതിനാല്‍ അതുവരെയുമുള്ള ഇഞ്ചി വിലയില്‍ കാര്യമായ കുറവുണ്ടാവില്ല. പച്ചക്കറി വിലയിലെ വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ച് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരേ സാധനത്തിന് പലയിടത്തും പല വില ഈടാക്കുന്നുവെന്ന ആക്ഷേപവും ശക്തമായി നിലനിന്നിരുന്നു.