1/9/22
തിരുവനന്തപുരം :പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ സർവ്വകലാശാല ഭേദഗതി ബിൽ പാസായി.
നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സര്‍വകലാശാല നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പാവകളെ വൈസ് ചാന്‍സലര്‍മാരാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. ധിക്കാരപരവും അധാര്‍മികവുമാണ് സര്‍ക്കാറിന്റെ നിലപാടെന്നും സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ അപ്പാടെ മാറ്റാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, വിസി നിയമന പാനലില്‍ അഞ്ച് അംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്‌എസ് ഇടപെടല്‍ തടയാന്‍ സാധിക്കുമെന്ന് കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്‌എസ് കാവിവല്‍ക്കരണം പോലെ സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ്‌വല്‍കരണവും അപകടമാണെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു.
അതേസമയം ബില്ലിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത വളരെ കുറവാണ്.
ഇക്കാര്യത്തില്‍ നിയമോപദേശം തേടാനാണ് രാജ്‌ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭയില്‍ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്‍ അംഗീകാരത്തിനായി ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് മുൻപിലെത്തും. ഗവര്‍ണറുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ നിയമഭേദഗതി നിലവില്‍ വരൂ.
അഴിമതിക്കാരെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ രാജിവയ്ക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തിട്ടുള്ളത്. ലോകായുക്തയുടെ കണ്ടെത്തല്‍ മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ നിയമസഭയ്ക്കും, മന്ത്രിമാര്‍ക്കെതിരാണെങ്കില്‍ മുഖ്യമന്ത്രിക്കും, എംഎല്‍എമാര്‍ക്കെതിരാണെങ്കില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാന്‍ അധികാരം കൊടുക്കുന്നതാണ് പ്രധാന ഭേദഗതി. അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമെന്ന പദവിയുള്ള ലോകായുക്തയുടെ അധികാരിയായി തീര്‍പ്പ് നിയമസഭയോ മുഖ്യമന്ത്രിയോ വരുന്നത് നിയമ സംവിധാനമെന്നത്തിന് എതിരാകുമോയെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.
ബില്‍ തല്‍ക്കാലം രാഷ്ട്രപതിക്ക് അയക്കില്ലെന്നും സൂചനയുണ്ട്. ലോകായുക്തയുടെ തീര്‍പ്പില്‍ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിയ്ക്ക് നല്‍കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. താന്‍ ഒരിക്കല്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് നിയമമാക്കുമ്ബോള്‍ രാഷ്ട്രപതിക്കയക്കുന്നതില്‍ അനൗചിത്യമുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ നിന്ന് വീണ്ടും മാറ്റങ്ങള്‍വരുത്തുകയും ലോകായുക്തയുടെ തീര്‍പ്പില്‍ തീരുമാനമെടുക്കാന്‍ നിയമസഭയെയും സ്പീക്കറെയും അധികാരപ്പെടുത്തുന്ന വ്യവസ്ഥകള്‍ അധികമായി ഉള്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ വേണമെന്ന അഭിപ്രായമാണ് രാജ്ഭവനുള്ളത്.തീരുമാനമെടുക്കുന്നതിന് ഗവര്‍ണര്‍ക്ക് ഭരണഘടന കാലപരിധി നിഷ്കര്‍ഷിക്കുന്നില്ല.