ലോകായുക്തയിൽ “സെറ്റായി”;സിപിഐ സഹകരിക്കും, ബിൽ ഇന്ന് നിയമസഭയിൽ1 min read

തിരുവനന്തപുരം :ലോകയുക്‌ത ബില്ലിൽ സഹകരിക്കാൻ സിപിഐ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ ഉത്തരവ് ഉണ്ടായാൽ നിയമ സഭക്കും  ,മന്ത്രിമാര്‍ക്ക്‌ എതിരാണെങ്കില്‍ മുഖ്യമന്ത്രിക്ക്‌ പരിശോധിച്ച്‌ തീരുമാനം എടുക്കാമെന്നും ഭേദഗതിയില്‍ ധാരണയായതായാണ്‌ സൂചന. ലോകായുക്‌തയുടെ വിധിയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്‌ അവസാനിപ്പിച്ചേക്കും.

ലോകായുക്‌ത നിയമഭേദഗതി ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ്‌ തര്‍ക്കവിഷയങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും ധാരണയായത്‌. ഭേദഗതിയിലെ ചില വ്യവസ്‌ഥകളില്‍ സി.പി.ഐ. കടുത്ത എതിര്‍പ്പിലായിരുന്നു. ലോകായുക്‌തയുടെ വിധിക്കെതിരേ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും അപ്പീല്‍ വ്യവസ്‌ഥയില്ലാത്തതിലുള്ള ഭേദഗതിയിലായിരുന്നു തര്‍ക്കം. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സി.പി.ഐ. പ്രതിനിധികള്‍ എതിര്‍പ്പ്‌ അറിയിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞദിവസം ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.ഐ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സി.പി.എം അംഗീകരിച്ചതോടെ തര്‍ക്കങ്ങള്‍ ഒരുപരിധി വരെ അവസാനിച്ചു.
ചര്‍ച്ചയില്‍ സി.പി.ഐ. രണ്ട്‌ പ്രധാന നിര്‍ദേശങ്ങളാണ്‌ മുന്നോട്ടുവച്ചത്‌. ഒന്നുകില്‍ ലോക്‌പാല്‍ നിയമത്തിന്റെ മാതൃകയില്‍ പതിനാലാം വകുപ്പ്‌ ഭേദഗതി ചെയ്യാം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ ഉത്തരവാണ്‌ ലോകായുക്‌തയില്‍ നിന്നുണ്ടാകുന്നതെങ്കില്‍ അത്‌ നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കണം. മുഖ്യമന്ത്രി സഭാനേതാവായതുകൊണ്ട്‌ അദ്ദേഹത്തിനെതിരായ ഉത്തരവ്‌ സഭതന്നെ ചര്‍ച്ചചെയ്‌ത്‌ തീരുമാനം എടുക്കട്ടെ എന്നായിരുന്നു സി.പി.ഐയുടെ നിർദേശം . ഉത്തരവ്‌ മന്ത്രിമാര്‍ക്കെതിരാണെങ്കില്‍ മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പരിശോധിച്ച്‌ തീര്‍പ്പാക്കണം. നിയമപരമായി പരിശോധിച്ചശേഷം ബില്‍ അവതരിപ്പിക്കുന്നതിന്‌ മുന്‍പ്‌ തീരുമാനം അറിയിക്കാമെന്നാണ്‌ സി.പി.എം. ഉറപ്പുനല്‍കിയിരുന്നത്‌. സബ്‌ജക്‌ട്‌കമ്മിറ്റിയിലെ ചര്‍ച്ചകളിലോ അല്ലെങ്കില്‍ നിയമസഭയിലെ വകുപ്പുതിരിച്ചുള്ള ചര്‍ച്ചകളിലോ ഔദ്യോഗിക ഭേദഗതികളായിട്ടായിരിക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക. ഭേദഗതി നിര്‍ദേശങ്ങള്‍ നിയമവകുപ്പ്‌ പരിശോധിക്കും.
നേരത്തെ ലോകായുക്‌ത ഒരു ഉത്തരവിട്ടാല്‍ അത്‌ നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നു. അപ്പീലിനു പോലും അവകാശമുണ്ടായിരുന്നില്ല. ഇത്‌ ഭരണഘടനാവിരുദ്ധമാണെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നിയമഭേദഗതിക്ക്‌ സര്‍ക്കാര്‍ ഒരുങ്ങിയത്‌. ഈ ഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ ലോകായുക്‌തയുടെ വിധി തള്ളിക്കളയാനുള്ള അധികാരം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നല്‍കി. തുടക്കം മുതല്‍ അതിനെതിരേയുള്ള നിലപാടാണ്‌ സി.പി.ഐ സ്വീകരിച്ചതും പ്രതിഷേധം ഉയര്‍ത്തിയതും. അതോടൊപ്പം തന്നെ ലോകായുക്‌തയുടെ നിയമനത്തിലുള്ള വ്യവസ്‌ഥകളിലും ചില ഇളവുകള്‍ നിയമത്തിലുണ്ടാകും. ഇതിനോട്‌ സി.പി.ഐ. എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുമില്ല. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതോടെ സഭയില്‍ സി.പി.ഐയുടെ പ്രതിഷേധത്തിന്‌ അയവുവരും. ബില്ലിനെ എതിര്‍ക്കുമെന്ന്‌ പ്രതിപക്ഷം വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാല്‍, നിയമസഭയില്‍ വ്യക്‌തമായ ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍ ബില്‍ പാസാക്കുന്നതിന്‌ സര്‍ക്കാരിന്‌ തടസം ഉണ്ടാകില്ല.

ലോകായുക്‌ത ഭേദഗതി ബില്‍ ഇന്നും വൈസ്‌ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ക്കുള്ള മേല്‍ക്കൈ ഇല്ലാതാക്കുന്നതിനുള്ള സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ നാളെയും നിയമസഭ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *