ബ്രൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരൻ1 min read

 

പാലക്കാട്‌ :പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതിൽ ദുരൂഹതയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്.
ഈ കമ്പനി കേരളത്തിൽ വരാൻ കാരണം കെജ്രിവാൾ – പിണറായി ബാന്ധവമാണോ എന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് ചോദിച്ചു. ടെൻഡർ പോലും വിളിക്കാതെയാണ് കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. ജലദൌർലഭ്യമുള്ള പ്രദേശത്ത് ബ്രൂവറി പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിലൂടെ കാർഷിക മേഖലയെ വെല്ലുവിളിക്കുകയാണ് സർക്കാർ. പ്ലാച്ചിമട സമരം സിപിഎം മറന്നുപോയോ എന്നും മുൻ കേന്ദ്രമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് ഇനി ബ്രൂവറിയോ ഡിസലറിയോ വേണ്ടെന്ന നായനാർ മന്ത്രിസഭയുടെ തീരുമാനം എപ്പോഴാണ് മാറിയതെന്നും വി.മുരളീധരൻ ചോദ്യമുയർത്തി.

മുഖ്യമന്ത്രിയുടെ മകൾ ഒരു അഴിമതിയിൽ അന്വേഷണം നേരിടുകയാണ്. അങ്ങനെയിരിക്കെ
ഒയാസിസ് കമ്പനിക്കായി തിടുക്കത്തിലെടുത്ത തീരുമാനം മറ്റൊരു അഴിമതിയുടെ തുടക്കമോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനാകില്ല.
കേന്ദ്രസർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിയല്ലേ എന്ന വിശദീകരണം നിലനിൽക്കുന്നതല്ല. അനവസരത്തിൽ കേന്ദ്രത്തെ ചാരി രക്ഷപ്പെടുന്നത് ആദ്യമായല്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു.
യുപിഎ സർക്കാരിന്‍റെ കൽക്കരി അഴിമതിക്ക് സമാനമോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *