തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ബിജെപിയുടെ ജോയിന്റ് കോര്‍ഡിനേറ്ററായി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിയമിച്ചു. ഡോ. സംപീത് പത്ര എംപിയാണ് കോര്‍ഡിനേറ്റര്‍. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള എട്ടു സംസ്ഥാനങ്ങളുടെ ബിജെപി പ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതലയാണ് മുരളീധരന് നല്‍കിയിട്ടുള്ളത്.
മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ കേരള പ്രഭാരിയായി തുടരും. മുന്‍ ഒഡിഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയും ഭുവനേശ്വറില്‍ നിന്നുള്ള എംപിയുമായ അപരാജിത സാരംഗിയാണ് സഹപ്രഭാരി. ദേശീയ സെക്രട്ടറിയും മലയാളിയുമായ അനില്‍ ആന്റണിയെ മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളുടെ പ്രഭാരിയായും നിയോഗിച്ചു. കേരളമടക്കം 23 സംസ്ഥാനങ്ങളുടെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയുമാണ് പുതുക്കി നിയോഗിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൊതുവായി കോര്‍ഡിനേറ്ററെയും ജോയിന്റ് കോര്‍ഡിനേറ്ററെയും നിശ്ചയിച്ചു.