തിരുവനന്തപുരം :ഭാരതത്തിന്‍റെ മഹത്തായ കലാപാരമ്പര്യത്തിന്‍റെ അടിസ്ഥാനവും ആത്മാവും ആധ്യാത്മികതയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ.
ലോകകലയെത്തന്നെ അത്ഭുത്പ്പെടുത്തിയിരുന്ന ഒരു മഹാപാരമ്പര്യത്തിന്‍റെ പിന്‍ഗാമികളാണ് നമ്മളെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് സോൾ ആർട്ട് ഫെസ്റ്റിന്‍റെ ദീപപ്രകാശനവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസവും കലയും കെട്ടുപിണഞ്ഞു കിടക്കുന്നു. പക്ഷേ കലയുടെ പിന്നിലെ വിശ്വാസം പറയാന്‍ പാടില്ല എന്നതാണ് കേരളത്തിലെ സ്ഥിതി. പറഞ്ഞാല്‍ കലയുടെ കാവിവല്‍ക്കരണം എന്നു പറഞ്ഞ് കുറേപ്പേര്‍ ചാടിയിറങ്ങുമെന്നും വി.മുരളീധരൻ വിമർശിച്ചു.
ക്ഷേത്രകലകളാണ് ഭാരതത്തിൻ്റെ മഹത്തായ കലാപാരമ്പര്യത്തിന് അടിസ്ഥാനം. അവയ്ക്ക് വർണ വിവേചനം ബാധകമല്ല. പക്ഷേ സങ്കുചിതമായ രാഷ്ട്രീയ– സാമുദായിക ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന കാലമാണിതെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു.
കടല്‍കടന്നുവന്ന കലകളെയും സാഹിത്യത്തെയുമൊക്കെ ഭാരതം സ്വീകരിച്ച് ആദരിച്ചിട്ടുണ്ട്. പക്ഷേ പുറമെ നിന്ന് വന്നതിനോളം അല്ലെങ്കില്‍ അതിനെക്കാള്‍ മഹത്തരമായ കലാ–സാഹിത്യ പാരമ്പര്യം നമുക്കുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.