20/10/22
തിരുവനന്തപുരം :മലയാളികൾക്ക് വി എസ് എന്ന രണ്ടക്ഷരം ഒരു വികാരമാണ്. വെറുമൊരു സഖാവ് അല്ല വി എസ്, ജനഹൃദയങ്ങളിൽ നിർവചിക്കാനാകാത്ത സ്ഥാനം വി എസ് കീഴടക്കിയിരുന്നു.
ഒരു നൂറ്റാണ്ട് പിന്നിടുന്ന വി.എസിന്റെ ജീവിതം കേരളത്തിന്റെ വളര്‍ച്ചാവഴികളോട് ചേര്‍ന്നുകിടക്കുന്നു. സമരഭരിതവും സാര്‍ഥകവുമായ ജീവിതം 99 ആണ് പിന്നിടുകയാണ്.
വി.എസ് എന്ന രണ്ടക്ഷരത്തിനൊപ്പം മലയാളി ചേര്‍ത്തുവച്ചിരിക്കുന്നത് അണഞ്ഞുപോകാത്ത വിപ്ലവത്തിന്റെ തീയോര്‍മകളെയാണ്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കനലുപൊള്ളുന്ന ചരിത്രസ്ഥലികളിലേക്ക് നീണ്ടുകിടക്കുന്നു ആ പേര്. 1923ല്‍ ആലപ്പുഴയില്‍ ജനിച്ച് ഇന്ന് 99 വയസ് പൂര്‍ത്തിയാക്കുമ്പോൾ വലിയൊരു സമരജീവിതമായി വി.എസ് മാറുകയാണ്.
പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന് തോന്നിയപ്പോഴെല്ലാം, ഇതല്ല തന്റെ പ്രസ്ഥാനമെന്ന് പറയാതെ പറഞ്ഞയാളാണ് വി.എസ്. അഴിമതിക്കാര്‍ക്കും സ്ത്രീവിരുദ്ധര്‍ക്കും സാമൂഹികദ്രോഹികള്‍ക്കും മുന്‍പില്‍ പാര്‍ട്ടി ഭേദമന്യേ ഒരു തലവേദനയായി എന്നും അദ്ദേഹമുണ്ടായിരുന്നു. ടി.പി ചന്ദ്രശേഖരന്റെ പ്രിയപത്‌നിയെ കണ്ട് നെഞ്ചുപൊട്ടി നില്‍ക്കുന്ന വി.എസിനെ കേരളമോര്‍ക്കുന്നത് മാപ്പിരക്കുന്ന മാര്‍ക്‌സിസ്റ്റിന്റെ രൂപത്തിലാണ്. സകലസ്ത്രീപീഡകരയെും കൈയാമവുമായി തെരുവിലൂടെ നടത്തിക്കുമെന്ന് വിളിച്ചുപറഞ്ഞ വി.എസില്‍ സ്ത്രീസമൂഹം വിമോചനത്തിന്റെ ശബ്ദം കേട്ടു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ സമരകലുഷിതമായ വഴിത്താരകളിലെ താഴാത്ത കൊടിയാണ് വി.എസ്. നൂറാണ്ടിന്റെ വാര്‍ധക്യാവശതകള്‍ പിടിച്ചുലയ്ക്കുന്നെങ്കിലും ജാഗ്രതയുള്ളൊരു കണ്ണുമായി വി.എസ് ഉണര്‍ന്നിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് മലയാളിക്കിഷ്ടം.
പോരാട്ട വീര്യം ചോരാത്ത, കണ്ണുകളിൽ കനൽ അവശേഷിക്കുന്ന യഥാർത്ഥ സഖാവ് എന്ന വിശേഷണം എല്ലാ അർത്ഥത്തിലും ചേരുക വി എസ് എന്ന രണ്ടക്ഷരത്തിനാകും.