1/10/23
തിരുവനന്തപുരം :മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ അണ് എംപ്ലോയിഡ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുളള ശിവകുമാറിന്റെ വീടിന് മുൻപില് പ്രതിഷേധം നടത്തുന്നത്.മുന്നൂറോളം നിക്ഷേപകര്‍ക്ക് പതിമൂന്ന് കോടി രൂപ നഷ്ടമായി എന്നാണ് പരാതി.
വെളളായണി, വലിയതുറ, കിളളിപ്പാലം തുടങ്ങിയ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധം നടത്തുന്നത്. സൊസൈറ്റി ശിവകുമാറിന്റെ ബിനാമിയായ കരകുളം സ്വദേശി അശോകന്റെതാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം നിക്ഷേപകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ വി എസ് ശിവകുമാര്‍ പ്രതികരിച്ചിരുന്നു. തന്നെ മനഃപൂര്‍വ്വം കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം ശിവകുമാറാണ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സെപ്തംബര്‍ മാസം അവസാനത്തോടെയാണ് സംസ്ഥാനത്തുളള സഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട് നടക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നത്.
ക്രമക്കേട് നടന്ന 272 സഹകരണ സംഘങ്ങളില്‍ 202 ലും ഭരണം നടത്തുന്നത് യു ഡി എഫാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടിലുളളത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. എല്‍ ഡി എഫ് നേതൃത്വം നല്കുന്ന 63 സംഘങ്ങളിലും ബി ജെ പിയുടെ നിയന്ത്രണ ത്തിലുളള ഏഴ് സംഘങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ പ്രധാനമായും 16255 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 272 സഹകരണ സംഘങ്ങളിലാണ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ പല തരത്തിലുളള ക്രമക്കേടുകള്‍ കണ്ടെത്തിയത്. എല്‍ ഡി എഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ കൂടുതല്‍ തട്ടിപ്പ് നടന്നത് പത്തനംതിട്ട ജില്ലയിലാണ്. 25 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.