13/7/23
കൊല്ലം :മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിൽ ഇടിച്ച സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
പെെലറ്റ് വാഹനം ഓടിച്ച് പൊലീസ് ഡ്രെെവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞത്.
അതേസമയം, സംഭവത്തില്‍ തന്നെ പ്രതിയാക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് ആംബുലൻസ് ഡ്രെെവര്‍ രംഗത്തെത്തിയിരുന്നു. കേസ് കൊടുക്കാൻ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നും സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചെന്നും ഡ്രെെവര്‍ പറഞ്ഞു. മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടികൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി ഡ്രെെവര്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ സഹോദരൻ സന്തോഷാണ് സ്റ്റേഷനില്‍ പോയതെന്ന് ആംബുലൻസ് ഡ്രെെവര്‍ നിതിൻ പറഞ്ഞു. പൊലീസ് സിഗ്നല്‍ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്. സെെറൻ മുഴക്കിയിരുന്നെന്നും രോഗിയുടെ ഭര്‍ത്താവായ അശ്വകുമാര്‍ പറഞ്ഞു. മന്ത്രി സ്വന്തം കാര്യം നോക്കി പോയെന്നും അടുത്തേയ്ക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.