വിഴിഞ്ഞം സമരം കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി. വി. ശിവൻകുട്ടി1 min read

1/10/22

തിരുവനന്തപുരം :വിഴിഞ്ഞം സമരം കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി. വി. ശിവൻകുട്ടി.പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച്‌ പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.

ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച്‌ ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

അതിനിടെ, വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നില്‍ മന്ത്രി ആന്റണി രാജുവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. യുവമോര്‍ച്ച സംസ്ഥാന പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നല്‍കുന്നതിന് പിന്നില്‍ കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയ അതേ ശക്തികള്‍ തന്നെയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി വിദേശ ഫണ്ട് ചില ആളുകള്‍ക്ക് വന്നിരിക്കുകയാണ്.

മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് ആണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത്. ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് സമരത്തിന് പിന്നില്‍. അവരുമായി ബന്ധപ്പെട്ടവര്‍ക്കാണ് വിദേശത്ത് നിന്ന് സഹായം എത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *