വാമനപുരം മണ്ഡലത്തിൽ മികവിന്റെ ഉത്സവമായി ‘അക്ഷരോത്സവം’,ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു1 min read

തിരുവനന്തപുരം :വാമനപുരം മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഡി. കെ മുരളി എം. എൽ. എ യുടെ നേതൃത്വത്തിൽ ‘അക്ഷരോത്സവം’ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ വിജയമാണ് കേരളം കൈവരിച്ചതെന്നും

സാർവത്രിക വിദ്യാഭ്യാസത്തോടുള്ള കേരളത്തിൻ്റെ പ്രതിബദ്ധത അതിൻ്റെ മാതൃകയുടെ ആണിക്കല്ലുകളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസം കേവലം അക്കാദമിക് നേട്ടത്തിനപ്പുറമാണെന്നും സംസ്ഥാനത്തിൻ്റെ പാഠ്യപദ്ധതി വിദ്യാർത്ഥികളുടെ ശാരീരികവും വൈകാരികവും സാമൂഹികവുമായ ക്ഷേമം ഉൾപ്പെടെയുള്ള സമഗ്രമായ വികസനത്തിന് ഊന്നൽ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാഠ്യേതര പ്രവർത്തനങ്ങൾ, സ്പോർട്സ്, കലകൾ എന്നിവ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അവിഭാജ്യ ഘടകമാണ്. സമൂഹത്തിൻ്റെ സജീവമായ ഇടപെടലും കേരള മോഡലിൻ്റെ വിജയത്തിനു കാരണമാണ്. രക്ഷിതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ വിദ്യാഭ്യാസ പ്രക്രിയയിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തം കേരളത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പ്രയോജനകരമാണെന്നും ഉയർന്ന നിലവാരം നിലനിർത്താനും വൈവിധ്യമാർന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ ഉൾക്കൊള്ളാനും
ഇത് സഹായിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിജയം നേടിയ മണ്ഡലത്തിലെ വിദ്യാർഥികളെ മന്ത്രി അഭിനന്ദിച്ചു. ഡി. കെ മുരളി എം. എൽ. എ അധ്യക്ഷനായിരുന്നു.

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 600 വിദ്യാർത്ഥികൾക്കും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടിയ 300 വിദ്യാർഥികൾക്കുമാണ് പുരസ്കാരം നൽകിയത്.

കല്ലറ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ. എ റഹീം എം.പി വിശിഷ്ടാതിഥിയായിരുന്നു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ജെ ലിസി, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷ്, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മിനി, സ്കൂൾ പ്രിൻസിപ്പൽ മാലി ഗോപിനാഥ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *