20/3/23
മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ വിമുക്തി എന്ന ഹ്യസ്വചിത്രം വരുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം പ്രധാന വേഷത്തിലെത്തുന്ന ഈ ടെലിഫിലിം പ്രമുഖ എഴുത്തുകാരിയായ അനിതദാസ് ആനിക്കാട് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്നു.
മയക്കുമരുന്നിന് എതിരെ അവബോധം ജനിപ്പിക്കുന്ന ഒരു ഹൃസ്വ ചിത്രം ആണ് വിമുക്തി . ഇന്നത്തെ തലമുറയെ കാൻസർ പോലെ കാർന്നു തിന്നുന്ന വലിയ ഒരു വിപത്താണ് ലഹരി. ഇതിന്റെ ഉപയോഗവും വിപണനവും ഇന്നത്തെ വിദ്യാർത്ഥികൾക്കിടയിൽ വൻ തോതിൽ നടക്കുന്നു. ഈ വിപത്തിനെതിരെ ഓരോ കുടുംബവും , സമൂഹവും, സർക്കാരും ജാഗരൂകരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ ചിത്രം ഓർമപ്പെടുത്തുന്നു.
ടാക്സി ഡ്രൈവർ ആയ വിജയൻ തന്റെ പരിമിതമായ വരുമാനം കൊണ്ടാണ് കുടുംബം സംരക്ഷിക്കുന്നത്. മകനെക്കുറിച്ചായിരുന്നു അയാൾക്ക് വലിയ പ്രതീക്ഷ. അവൻ ഒരു കളക്ടർ ആകുന്ന ദിനം വിജയൻ സ്വപ്നം കണ്ടു. ഒരു ദിവസം അയാൾ അറിഞ്ഞു മകൻ ലഹരിക്ക് അടിമയാണന്ന്. അതോടെ അയാൾ മാനസികമായി തകർക്കുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ഏതൊരു അച്ഛന്റെയും അമ്മയുടെയും കരളലിയിപ്പിക്കുന്നതാണ് . വിജയനായി രാജീവ് പ്രമാടം തന്റെ അഭിനയ പാടവം കൊണ്ട് തിളങ്ങി.
അജുസ് ഫുഡിസിന്റെ ബാനറിൽ അജീന നജീബ് നിർമ്മിക്കുന്ന വിമുക്തി, അനിതാദാസ് ആനിക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – ജോസഫ് ഡാനിയേൽ, എഡിറ്റിംഗ് – സച്ചു സുരേന്ദ്രൻ, മേക്കപ്പ് -സുധീഷ് നാരായൺ, ആർട്ട് -ശ്യാം മ്യൂസിക്, ഷെഫീക് റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷംസുദ്ധീൻ വെളുത്തേടത്ത് ,പി.ആർ.ഒ- അയ്മനം സാജൻ.
ഏപ്രിൽ 29 ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പത്തനംതിട്ട ടൗൺ ഹാളിൽ വിമുക്തിയുടെ പ്രദർശനഉദ്ഘാടനം നിർവ്വഹിക്കും.