പ്രമുഖ സ്വാതന്ത്ര്യസമരസേനാനി, സാഹിത്യകാരൻ, സംഘാടകൻ,പത്രപ്രവർത്തകനുമായിരുന്ന വരിഞ്ഞം എൻ.രാഘവൻപിള്ള 1912 ചിങ്ങമാസത്തിൽ കിഴക്കേ കല്ലട വടശ്ശേരി നാരായണപിള്ളയുടെയും കല്ലുവാതുക്കൽ വരിഞ്ഞത് വെട്ടിക്കഴകത്ത് കല്യാണി അമ്മയുടെയും മകനായി ജനിച്ചു.കിഴക്കേകല്ലട ഗവ: എൽ.പി സ്കൂൾ, ചവറ ശങ്കരമംഗലം ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ സ്കുൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഘവൻപിള്ളകലാശാല വിദ്യാഭ്യാസം ആരംഭിച്ചത് തിരുവനന്തപുരം ആർട്സ് കോളേജിലാണ് അവിടെ നിന്ന് ഇൻ്റർമീഡിയേറ്റ് പരീക്ഷ പാസ്സായശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ബി.എ. ബിരുദം നേടി.തിരുവനന്തപുരംലാ കോളേജിൽ നിന്ന് എഫ്.എൽ പാസ്സായി. നിയമ വിദ്യാർത്ഥിയായിരിക്കേയാണ് രാഘവൻപിള്ള സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം ആരംഭിച്ചത്.നിയമ വിദ്യാർത്ഥികൾ ധാരാളമായി പങ്കെടുത്ത ആ സമരത്തിൽ രാഘവൻപിള്ളയും പങ്കുകൊള്ളുകയും അറസ്റ്റ് വരിക്കുകയും ചെയ്തു.സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആവിർഭാവ കാലം മുതൽ അതിൻ്റെ മുന്നണിപ്പടയാളിയായിരുന്നു വരിഞ്ഞം.എൻ.രാഘവൻപിള്ള .സ്റ്റേറ്റ് കോൺഗ്രസിന് തിരുവിതാംകൂറിൽ 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിൽ ഒരു ഒരു ഡിവിഷനായിരുന്നു കൊല്ലം- പരവൂർ ഡിവിഷൻ. അവിടെയും പാരിപ്പള്ളിയിലെയും പ്രവർത്തനങ്ങൾ അടിച്ചമർത്താൻ വേണ്ടി സർ.സി.പി.രാമസ്വാമി അയ്യർ ഒരു പ്ലാറ്റൂൺ പോലിസ് സേനയെ തന്നെ വിന്യസിച്ചിരുന്നു. 1938-ൽ നടന്ന സമരപരിപാടികൾ പങ്കെടുത്തതിനും 1942-ൽക്വിറ്റ് ഇന്ത്യ പ്രക്ഷോഭണത്തിലും അദേഹം പങ്കെടുത്തു അറസ്റ്റ് വരിച്ചു.തിരുവനന്തപുരം സെൻട്രൽ ജയിലിലും ലോക്കപ്പുകളിലുമായി പലപ്പോഴായി അദ്ദേഹം 5 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1936- നവംബർ 12ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻമഹാത്മാഗാന്ധി 1937 ജനുവരി 12 മുതൽ 21 വരെ തിരുവിതാംകൂർ സന്ദർശിച്ചു. ജനുവരി 16ന് വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷം പാരിപ്പള്ളിയിലെ യോഗത്തിൽ ഗാന്ധിജി പങ്കെടുത്തു.കടയ്ക്കൽ തട്ടാമല രാമൻപിള്ള സാർ, വരിഞ്ഞം എൻ.രാഘവൻപിള്ള, കെ.എൻ.ഗോപാലക്കുറുപ്പ് ,ആർ.അച്യുതൻEx MLA & MP, അഡ്വ.പി. കുഞ്ഞുകൃഷ്ണൻ Ex. MLA, എ.കെ.ഭാസ്ക്കർ Ex. MLA, അഡ്വ.എം.ജി.കോശി എന്നിവർ ആയിരുന്നു സംഘാടകർ. പത്രാധിപർ ടി.കെ.നാരായണൻ ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. സ്വാതന്ത്ര്യ സമര ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ടീയം ഉപേക്ഷിക്കുകയും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധാലുവായി തീരുകയും ഭാരത സന്ദർശനത്തിനിടയിൽ അദ്ദേഹം ഋഷികേശം, ദ്വാരക, കാശ്മീർ ,പണ്ഡരീപുരം തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും “ഭുവനേന്ദ്ര തീർത്ഥൻ” എന്ന സന്യാസ നാമവും സ്വീകരിച്ചു. സാഹിത്യ രംഗത്തും പത്രപ്രവർത്തന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു വരിഞ്ഞം എൻ.രാഘവൻപിള്ള.
“ഹൃദയാഞ്ജലി”, ‘”സുഭാഷ് ചന്ദ്രബോസ് “, ”ഭജഭുവനേന്ദ്രം “എന്നിവയാണ് പ്രധാനകൃതികൾ.”ഹൃദയാഞ്ജലി” എന്ന കൃതിയ്ക്ക് മഹാകവി വള്ളത്തോൾ നാരായണമേനോൻ ആണ് അവതാരിക എഴുതിയിരിക്കുന്നത്.കൂടാതെ 25-ൽ പരം നാടകങ്ങളും അനേകം ചെറുകഥകളും രചിച്ചിട്ടുണ്ട്.കേരളം, ധർമ്മദേശം, നേതാജി എന്നീ വാരികകളുടെയും മലയാളി ദിനപത്രത്തിൻ്റെയും പത്രാധിപത്യംവഹിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ സമരസേനാനി സി.നാരായണപിള്ളEx MLA & Ex MP എഴുതിയ ” തിരുവിതാംകൂർ സ്വാതന്ത്യ സമര ചരിത്രം”, ഒരു കാലഘട്ടത്തിൻ്റെചരിത്രം പറയുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ ആത്മകഥ “എൻ്റെ കഴിഞ്ഞകാലസ്മരണകൾ “, എം.എൻ ഗോവിന്ദൻനായരുടെ ആത്മകഥയായ “എമ്മെൻ്റെ ആത്മകഥ “, പ്രമുഖസ്വാതന്ത്യസമരസേനാനിയും അഭിഭാഷകനുമായ അഡ്വ.ജി.ജനാർദ്ദനക്കുറുപ്പിൻ്റെ ആത്മകഥ ” എൻ്റെ ജീവിതം”, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.കെ.കുഞ്ചു പിള്ളയുടെ ജീവചരിത്രം, പ്രമുഖ ചരിത്രകാരൻ കോഴിശ്ശേരിൽ വി.ലക്ഷ്മൺസാറിൻ്റെ “കൊല്ലത്തിൻ്റെ ആധുനിക ചരിത്രം “, ചരിത്രകാരൻ റ്റി.ഡി.സദാശിവൻ സാറിൻ്റെ “കൊല്ലത്തെസ്വാതന്ത്ര്യസമര സേനാനികൾ ” എന്നീ പുസ്തകങ്ങളിൽ വരിഞ്ഞം എൻ.രാഘവൻപിള്ള യുടെ സ്വാതന്ത്യസമര ചരിത്രവും ജയിൽ ജീവിതവും പരാമർശിക്കുന്നു. ഭാരതത്തോടുംഭാരത സംസ്കാരത്തോടും അതിരറ്റ മതിപ്പുംബഹുമാനവും പുലർത്തിയിരുന്ന രാജ്യസ്നേഹിയായിരുന്നു വരിഞ്ഞം എൻ.രാഘവൻപിള്ള .കേരള സർക്കാരും കേന്ദ്ര സർക്കാരും താമ്രപത്രം നൽകി അദ്ദേഹത്തെ ആദരിച്ചു. മരിക്കും മുമ്പ് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ മനുഷ്യ ജീവിതത്തെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായം ശ്രദ്ധേയമാണ്. കർമ്മത്തിൻ്റെ കൊടു ചുമടുകളുമായി ജീവിതയാത്ര ആരംഭിച്ച സ്ഥലത്തേക്ക് തപ്പിയും തടഞ്ഞും അതെവിടെയെന്നറിയാതെ, നേർവഴിയിൽ നിന്ന് ഭ്രമിച്ച്, കാടുകയറിയും, എന്നാൽ മുന്നോട്ടു പോകാൻ വെമ്പുകയുമാണ്. ഈശ്വരൻ മഹാമായ കൊണ്ട് നമ്മെ മോഹവലയത്തിൽ ഭ്രമിപ്പിക്കുകയാണ്. ദീർഘകാലം അനന്തരവൻ രാജേന്ദ്രപ്രസാദിൻ്റെ കൂടെ താമസിക്കുകയായിരുന്നു.. നിരന്തരവും ത്യാഗപൂർണ്ണവുമായ സമരത്തിലൂടെയാണ് നാം സ്വാതന്ത്യം നേടിയത്.എന്നാൽ ആ സമരത്തിൽ പങ്കെടുത്ത പലരും കാലഗതിയുടെ ഭ്രമണത്തിൽപ്പെട്ട് അപ്രത്യക്ഷരും വിസ്മൃതരുമായിത്തീർന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരം പോലുള്ള ത്യാഗമോഹനമായ സമരത്തിൽ പങ്കെടുത്തിട്ടുള്ള വ്യക്തികളുടെ കോരിത്തരിപ്പിക്കുന്ന ചരിത്രങ്ങൾ മറക്കുവാൻ പാടുള്ളതല്ല. അഞ്ചു കൊല്ലത്തിലധികം നിശ്ചയദാർഢ്യത്തോടു കൂടി ജയിൽവാസം അര ഭവിച്ച അദ്ദേഹം ഒരു യഥാർത്ഥത്യാഗസമ്പനായിരുന്നു.” ത്യാഗമെന്നതേ നേട്ടം താഴമതാനഭ്യുന്നതി” എന്ന ദിവ്യസന്ദേശം സ്വജീവിതം കൊണ്ട് അന്വർത്ഥമാക്കിയ ഒരു മഹനീയവ്യക്തിയാരുന്ന വരിഞ്ഞം എൻ.രാഘവൻപിള്ള1995 ഒക്ടോബർ 31-ാം തീയതി അന്തരിച്ചു…