29/8/22
തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന്കോടതി .
പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
‘മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ തടസപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണം. പ്രതിഷേധമുള്ളത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കാനാവില്ല’ ഹെെക്കോടതി പറഞ്ഞു.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരക്കാരുമായി മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും.